റിയാദ്- മൃഗശാലയിലെ കടുവക്കൂട്ടിൽ ഇറങ്ങിയ യുവാവിനെ കടുവകളിലൊന്ന് ആക്രമിച്ച് പരിക്കേൽപിച്ചു. റിയാദ് മലസ് മൃഗശാലയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെത്തി രക്ഷിച്ച യുവാവിനെ ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു.
സുഡാനിയായ മുഹമ്മദ് അബ്ദുൽ മുഹ്‌സിനാ(24) ണ് സന്ദർശകനായെത്തി നേരത്തെ കൈയിൽ കരുതിയ കയറുപയോഗിച്ച് കടുവക്കൂട്ടിലേക്ക് ഇറങ്ങിയത്. ബംഗാൾ കടുവകളെ പാർപ്പിച്ചിരുന്ന ഭാഗത്താണ് ഇയാൾ എത്തിയത്. ഉടൻ പെൺകടുവ യുവാവിനെ ആക്രമിച്ചു. മൃഗശാല അധികൃതർ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് അവരെത്തി കടുവയെ മയക്കുവെടി വെച്ച് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടു പ്രാവശ്യം മയക്കുവെടി വെച്ചതായി റിയാദ് നഗരസഭ അറിയിച്ചു.
സാരമായി പരിക്കേറ്റ ഇയാളെ റെഡ്ക്രസന്റ് വിഭാഗം എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വന്യ മൃഗങ്ങളെ പരിശീലിപ്പിക്കുന്നത് തന്റെ ഹോബിയാണെന്നാണ് ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.