തിരുവനന്തപുരം - തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികൾ ഹൈക്കോടതി തള്ളിയതോടെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സൂചന.
ഹരജി ഹൈക്കോടതി തളളിയതോടെ പന്ത് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കോർട്ടിലാണ്. ടെൻഡറിൽ ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് ചുമതല കൈമാറുക മാത്രമാണ് നിയമപ്രകാരമുള്ള നടപടിക്രമമെന്നാണ് കേന്ദ്രവ്യോമയാന വകുപ്പിന്റെ നിലപാട്. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ആലോചിക്കുന്നത്. തൊഴിലാളി യൂനിയനുകളും ഇതിൽ കക്ഷി ചേരുമെന്നാണ് സൂചന.
രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള ടെൻഡർ കാലാവധി ജനുവരി 31 വരെ കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. വിമാനത്താവള സ്വകാര്യ വൽക്കരണത്തിനെതിരെയുള്ള ഹരജികളും, ടെൻഡറിൽ ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിനെ മാറ്റി സംസ്ഥാന സർക്കാരിന് കരാർ നൽകാനുള്ള നീക്കങ്ങളെ ചോദ്യം ചെയ്തു ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ ഹരജിയും ഹൈക്കോടതിയിൽ നിലനിൽക്കു ന്നതിനാലാണ് കാലാവധി നീട്ടിയത്. തിരുവനന്തപുരത്തിനൊപ്പം ഗുവാഹതി വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള നടപടികളും നിർത്തിവെച്ചിരുന്നു. മുൻ തീരുമാനപ്രകാരം ജൂലൈ 30നകമാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് കാലാവധി മൂന്ന് മാസത്തേക്കു നീട്ടി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരെ നേരിട്ടുകണ്ട് നടത്തിപ്പ് സംസ്ഥാന സർക്കാർ രൂപവൽക്കരിച്ച ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (ടിയാൽ) നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.