റിയാദ് - ബാങ്കുകളിൽ നിന്ന് ഇടപാട് നടത്തി പുറത്തിറങ്ങുന്ന ഉപയോക്താക്കളെ പിന്തുടർന്ന് കൊള്ള നടത്തുന്ന അഞ്ചംഗ എത്യോപ്യൻ സംഘത്തെ റിയാദ് പോലീസ് പിടികൂടി.
സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടുകയുമായിരുന്നുവെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാകിർ സുലൈമാൻ അൽതുവൈജരി അറിയിച്ചു. ബാങ്കുകൾക്ക് സമീപം നിരീക്ഷണം നടത്തി പണവുമായി പുറത്തിറങ്ങുന്നവരെയാണ് ഇവർ കൊള്ളയടിക്കാറുള്ളത്.
നിയമ ലംഘകരായ അഞ്ച് എത്യോപ്യൻ യുവാക്കളിൽ നിന്ന് നാല് ലക്ഷം റിയാൽ കണ്ടെടുത്തിട്ടുണ്ട്, സമാനമായ അഞ്ച് കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തിട്ടുള്ളത്. 3,61,000 റിയാൽ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമാവുകയും ചെയ്തു. ഗ്ലാസുകൾ പൊട്ടിക്കാൻ കഴിയുന്ന മൂർച്ചയേറിയ ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇവരെ മാറ്റിയതായും അദ്ദേഹം പറഞ്ഞു.