റിയാദ് - അഞ്ച് ബില്യൺ റിയാൽ വിദേശത്തേക്ക് അയച്ച കേസിൽ പിടിയിലായ ഒരു സൗദി പൗരനും മൂന്നു വിദേശികളുമടക്കം നാലു പേർക്ക് 26 വർഷം തടവും ആറു മില്യൺ റിയാൽ പിഴയും പ്രത്യേക കോടതി വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സ്വദേശിയുടെ പേരിൽ വിദേശികൾ ബിനാമി ബിസിനസ് നടത്തിയെന്നതാണ് കേസ്. ബിനാമി ബിസിനസ് നടത്തിയ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ രണ്ട് മില്യൺ റിയാൽ കണ്ടുകെട്ടുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ശിക്ഷ കാലാവധി കഴിഞ്ഞാൽ വിദേശികളെ നാടുകടത്തും. സൗദി പൗരന് ജയിൽ ശിക്ഷക്ക് ശേഷം അത്രയും കാലം വിദേശത്തേക്ക് യാത്രാവിലക്കും ഏർപ്പെടുത്തി.
നേരത്തെ ബിനാമി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ തെളിവുകൾ ലഭ്യമായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വക്താവ് ഡോ. മാജിദ് അൽദുസൈമാനി വ്യക്തമാക്കി.
കസ്റ്റംസ് വഴിയെത്താത്ത സാധനങ്ങൾക്ക് ഇവർ പണം ട്രാൻസ്ഫർ ചെയ്തതായും പണം വെളുപ്പിക്കൽ നടത്തിയതായും സ്ഥാപനത്തിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ വ്യക്തമായി. കുറ്റം മറച്ചുവെക്കാൻ വ്യാജ ഇൻവോയ്‌സുകൾ ഹാജരാക്കുകയും ചെയ്തു.
ബാങ്കുകൾ വഴി പണമയക്കൽ വ്യവസ്ഥ, ബിനാമി വിരുദ്ധ നിയമം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, വ്യാജ രേഖ, അനധികൃതമായി പണം ശേഖരിക്കൽ എന്നിവ ഇവർ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം കേസുകൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണെന്നും അൽദുസൈമാനി പറഞ്ഞു.