Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മര്‍മ ചികിത്സക്കും മറ്റും ലൈസന്‍സ് നിര്‍ബന്ധം; ഒന്നരലക്ഷം റിയാല്‍ വരെ പിഴ

റിയാദ് - സൗദിയിൽ ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് അംഗീകൃത ലൈസൻസ് വേണമെന്നും നിയമം ലംഘിച്ചാൽ 1,50,000 റിയാൽ വരെ പിഴ നൽകേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ച പുതിയ നിയമാവലി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 


നാഷണൽ സെൻട്രൽ ഫോർ കോംപ്ലിമെന്ററി ആന്റ് ആൾട്ടർനേറ്റീവ് മെഡിസിൻ (എൻ.സി.സി.എ.എം) അംഗീകരിച്ച സർട്ടിഫിക്കറ്റാണ് ഇവർ ലൈസൻസിന് ഹാജരാക്കേണ്ടത്. ഇജാമ, അക്യൂപങ്ച്ചർ, മർമ ചികിത്സ, പ്രകൃതി ചികിത്സ എന്നീ മേഖലകളിൽ അറിയപ്പെട്ട ഒരു പരിശീലന കേന്ദ്രത്തിൽ നിന്ന് പരിശീലനം പൂർത്തിയാക്കുകയും പരീക്ഷ പാസാവുകയും വേണമെന്ന് നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്നു.

എൻ.സി.സി.എ.എമ്മിന് നിബന്ധനകൾക്ക് വിധേയമായി പുതിയ ചികിത്സാ രീതികൾക്ക് അനുമതി നൽകാൻ അവരുടെ സിസ്റ്റങ്ങളിൽ ചേർക്കുകയോ പഴയത് ഒഴിവാക്കുകയോ ചെയ്യാം. എന്നാൽ ഇത്തരം ചികിത്സകൾ ചെയ്യാൻ സൗദികൾക്ക് മാത്രമായി ലൈസൻസ് നൽകുന്നതിനും ആവശ്യത്തിന് ചികിത്സകരുണ്ടായാൽ ലൈസൻസ് നൽകുന്നത് നിർത്തിവെക്കുന്നതിനും ആരോഗ്യ മന്ത്രിക്ക് അധികാരമുണ്ടാകും. അതോടൊപ്പം ഈ മേഖല സൗദിവൽക്കരിക്കുന്നതിൽ തടസ്സവുമുണ്ടാവില്ല. സന്ദർശക വിസയിലെത്തുന്ന യോഗ്യരായ ചികിത്സകർക്ക് താൽക്കാലിക ലൈസൻസ് നൽകാനും മന്ത്രിക്ക് അവകാശമുണ്ട്. 


ചികിത്സക്കുള്ള ചാർജ് വിവരപ്പട്ടിക പ്രസിദ്ധീകരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ സംബന്ധിച്ച് അനുമതി ലഭിക്കാതെ പരസ്യം ചെയ്യാനുമാവില്ല. ചികിത്സാ കേന്ദ്രത്തിൽ രോഗികളുടെ മുഴുവൻ വിവരങ്ങളുമടങ്ങിയ പ്രത്യേക ഇലക്ട്രോണിക് ഫയൽ റെക്കോർഡ് തുറക്കണം. അത്യാഹിതമായതോ ഗുരുതരമായതോ അവസ്ഥയിലുള്ള രോഗികളെ സ്വീകരിക്കരുത്. പ്രസവ കേസുകളും ശസ്ത്രക്രിയകളും ഏറ്റെടുക്കാനും പാടില്ല. അത്തരം കേസുകൾ ഉടൻ ആശുപത്രികളിലേക്ക് റഫർ ചെയ്യണം. ക്രിമിനൽ കേസുകളുള്ളതാണെങ്കിൽ പോലീസിനെ അറിയിക്കണം. ക്ലിനിക്കിൽ എത്തുന്ന രോഗികളുടെ വിവരമടങ്ങിയ റിപ്പോർട്ട് എല്ലാ മൂന്നു മാസവും എൻ.സി.സി.എ.എമ്മിന് കൈമാറണം. ക്ലിനിക്കുകൾ ലൈസൻസില്ലാത്ത ആരോഗ്യ പ്രവർത്തകരെ ചികിത്സക്ക് ഉപയോഗപ്പെടുത്തലും നിയമ വിരുദ്ധ ആൾട്ടർനേറ്റീവ് ചികിത്സ ചെയ്യലും നിരോധിച്ചിട്ടുണ്ട്. മരുന്നുകളോ ഔഷധ സസ്യങ്ങളോ ചികിത്സ സ്ഥലത്ത് സൂക്ഷിക്കുകയുമരുത്. ചികിത്സാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പരിശോധന ഉപകരണങ്ങളോ നിരോധിത മരുന്നുകളോ ഉപയോഗിക്കാനും പാടില്ല.


സ്വകാര്യ ആതുര സ്ഥാപനങ്ങളുടെ എല്ലാ നിയമ വ്യവസ്ഥകളും ഇത്തരം ക്ലിനിക്കുകൾക്ക് ബാധകമാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആറു മാസം മുതൽ രണ്ട് വർഷം വരെ തുറക്കാൻ അനുമതിയില്ലാത്ത വിധത്തിൽ ലൈസൻസ് റദ്ദ് ചെയ്യുമെന്നും 50,000 മുതൽ 1,50,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും നിയമാവലിയിലുണ്ട്.
ഹെർബൽ മെഡിസിൻ, ഹോമിയോപ്പതി, അക്യൂപങ്ച്ചർ, ഡയറ്റിംഗ്, സൈക്കോതെറാപ്പി, ജല ചികിത്സ, ഫിസിക്കൽ മെഡിസിൻ, ഹെയർ അനാലിസ്, ലൈവ് ബ്ലഡ് അനാലിസിസ്, ഓസോൺ തെറാപ്പി, ഇജാമ, ചില ആയുർവേദ ചികിത്സാ രീതികൾ തുടങ്ങിയവയാണ് ആൾട്ടർനേറ്റീവ് ചികിത്സാ രീതികളായി ലോകത്ത് അറിയപ്പെടുന്നത്.
ആൾട്ടർനേറ്റീവ് ചികിത്സകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നുണ്ടെന്ന വ്യാപക പരാതിയെ തുടർന്ന് ആരോഗ്യ മന്ത്രാലയം നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിലായിരുന്നു.

 

Latest News