റിയാദ്- ലോകത്ത് ബിസിനസ് ചെയ്യാൻ സൗകര്യങ്ങളുള്ള ഏറ്റവും നല്ല രാജ്യമാണ് സൗദി അറേബ്യയെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട്. ഇറക്കുമതി, കയറ്റുമതി ചാർജും സമയവും തുലനം ചെയ്യുന്ന അതിർത്തി കടന്നുള്ള വ്യാപാര സൂചികയിൽ വൻ മുന്നേറ്റമാണ് സൗദി അറേബ്യ നടത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 100 മില്യൺ ഡോളറാണ് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് രംഗത്ത് മുടക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
ലോജിസ്റ്റിക്‌സ് പോർട്ടലിലും മറ്റും വരുത്തിയ പരിഷ്‌കാരങ്ങളാണ് സൗദി അറേബ്യൻ ബിസിനസ് മേഖലക്ക് തുണയായതെന്ന് ഗതാഗത മന്ത്രി സാലിഹ് അൽജാസിർ അഭിപ്രായപ്പെട്ടു. കസ്റ്റംസ് ക്ലിയറൻസിന്റെ സമയം രണ്ട് മുതൽ 10 ദിവസം വരെയാണ്. കൈകൊണ്ടുള്ള പരിശോധന 89 ൽ നിന്ന് 48 ശതമാനമാക്കി ചുരുക്കി. ഇറക്കുമതിക്ക് ആവശ്യമായിരുന്ന 12 രേഖകളിൽ നിന്ന് രണ്ടായും കയറ്റുമതി രേഖകൾ എട്ടിൽ നിന്ന് രണ്ടായും കുറച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.