റിയാദ്- ചരിത്ര സ്മാരകങ്ങൾ ഏറെയുള്ള, വടക്ക് പടിഞ്ഞാറൻ പ്രദേശമായ അൽഉലാ ജില്ലയിൽ വിന്റർ അറ്റ് തൻതൂറ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്നലെ ആരംഭിച്ച പരിപാടികൾ മാർച്ച് ഏഴിനാണ് സമാപിക്കുക.
12 ആഴ്ച നീളുന്ന പരിപാടിയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപൺ സിനിമ, പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. സന്ദർശകർക്ക് ഇതുവരെ കാണാൻ സാധിക്കാത്ത വിവിധ ചരിത്ര സ്മാരകങ്ങൾ കാണാനുള്ള അവസരവുമുണ്ടാവുമെന്ന് റോയൽ കമ്മീഷൻ ഫോർ അൽഉല സി.ഇ.ഒ അംറ് മദനി അറിയിച്ചു.
അൽഉല ഗ്രാമങ്ങളെ തൊട്ടറിയാനുള്ളതാണ് ആദ്യ ആഴ്ച. ശേഷം ബലൂൺ ഫെസ്റ്റിവൽ, സ്പാനിഷ് പ്രസ്റ്റീജ്, ഡെസേർട്ട് പോളോ, മ്യൂസിക് ആന്റ് മെലഡി, റിഥം ആന്റ് ജാസ്, മെജസ്റ്റി, കുതിരയോട്ടം തുടങ്ങിയ വിവിധ വിനോദ പരിപാടികൾ ഓരോ ആഴ്ചകളിൽ ഇവിടെ അരങ്ങേറും. ചരിത്ര സ്ഥലങ്ങൾ കാണാൻ ഹെലികോപ്റ്റർ സൗകര്യമുണ്ട്. ആഘോഷത്തോടനുബന്ധിച്ച് അൽഉല വിമാനത്താവളത്തിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.