തിരുവനന്തപുരം- ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
സമരം ചെയ്യുന്നവർ സമരം ചെയ്യട്ടെ ഞങ്ങൾ നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികൾക്കു മാത്രം യോജിച്ചതാണ്. ഏകാധിപത്യത്തിന്റെ തുടർച്ചയാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുന്നത്. വെടിെവച്ചു കൊന്നവരുടെ പോസ്റ്റ്‌മോർട്ടവും തുടർനടപടികളും റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് കേരളത്തിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന മാധ്യമ സംഘം.
ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വൺ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള മലയാളി സംഘം ഒരു നിയമവും ലംഘിച്ചതായി അധികൃതർ പറയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു കാലഘട്ടം ഉണ്ടായിട്ടില്ല.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടർച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടർന്ന് വരാൻ പോകുന്ന പൗരത്വ രജിസ്റ്ററിനെയും കാണാൻ കഴിയൂ. ഇത് ഒരു വലിയ ജനവിഭാഗത്തിൽ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘർഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു. പ്രതിഷേധിക്കുന്നവരെ കേൾക്കാനും അവർ പറയുന്നതിൽ കാമ്പുണ്ടെങ്കിൽ ഉൾക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നോക്കിയാൽ അതിനു കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശങ്ക ദൂരീകരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ആ കടമ നിർവഹിക്കാൻ മുന്നോട്ടു വരണം. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദർശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥി യുവജന സമൂഹമാണ് ഇപ്പോൾ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവർക്ക് തൊഴിലില്ല. രാജ്യത്തെ സർവകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്താനാണു സർക്കാർ നോക്കുന്നത്. കാമ്പസുകളിലും പെൺകുട്ടികളുടെ ഹോസ്റ്റലിൽ വരെയും പോലീസ് തേർവാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവർത്തകരെയും ജയിലിലടക്കുന്നു.
ബി.ജെ.പി സർക്കാർ എല്ലാ രംഗത്തും പരാജയമാണ്. അവർ പാർട്ടിയുടെ അജണ്ട മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല. പാർലമെന്റിൽ ചർച്ചയില്ലാതെ നിയമങ്ങൾ പാസാക്കുന്നു. രാജ്യത്തിന്റെ വളർച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.
ഇന്ത്യാവിഭജനകാലത്ത് മുസ്‌ലിം ജനവിഭാഗത്തെ സംരക്ഷിക്കാൻ രാഷ്ട്രനേതാക്കൾ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവൻ പോലും ആ ദൗത്യത്തിനിടയിൽ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവർക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീർത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായ നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളിൽ നിന്ന് ഉണ്ടാകുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാർത്താവിനിമയ സംവിധാനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കശ്മീരിൽ മുൻ മുഖ്യമന്ത്രിമാർ കരുതൽ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.