Sorry, you need to enable JavaScript to visit this website.

മൂന്നാം ക്ലാസ് വിദ്യാർഥിയുടെ കത്ത് പരിഗണിച്ച് ഹൈക്കോടതി

കൊച്ചി- നിയമപ്രകാരം അല്ലാതെ ഓടുന്ന വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. വാഹനം ആരുടേതായാലും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. 
പൊതു ഗതാഗത വാഹനങ്ങളുടെ കാലപരിധി നീട്ടിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ആലുവ സ്വദേശി പി.ഡി മാത്യു സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതിയുടെ അധികാരപരിധി മാറിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതർ വാഹനങ്ങളിൽ കർട്ടൻ, സൺഗ്ലാസ്, ഹോൺ എന്നിവ വിലക്കിയ ഉത്തരവ് ലംഘിച്ചെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കേസിൽ ഗതാഗത കമ്മീഷണറെ കോടതി സ്വമേധയാ കക്ഷിചേർത്തു.


അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായ അപകടം ഉണ്ടാക്കിയ ബസ് ഈ മാസം ആദ്യവാരം കാലാവധി കഴിഞ്ഞതാെണന്നും പുതുക്കാൻ വീണ്ടും അപേക്ഷ നൽകിയിരിക്കുകയാെണന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലടക്കം മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. വാഹനങ്ങളുടെ കാലപരിധി 15 വർഷത്തിൽനിന്ന് 20 ആക്കിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി. റോഡിലെ കുഴികളിൽ വീണ് അപകടമരണങ്ങൾ തുടരുകയാെണന്നും അങ്കമാലിയിൽ യുവാവ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. തലേ ദിവസം ടാർ ചെയ്ത റോഡ് പിറ്റേന്ന് തന്നെ പൊളിയുന്നത് ഗൗരവമുള്ള കാര്യമാെണന്നും കോടതി ചൂണ്ടിക്കാട്ടി.


വിവിധ റോഡുകൾ പരിശോധിച്ച അഭിഭാഷക സമിതി പ്രാഥമിക റിപ്പോർട്ട് കോടതിക്ക് കൈമാറി. റോഡുകളിലെ കുഴികളും സ്ലാബുകൾ ഇല്ലാത്ത നടപ്പാതകളുടേയും അടക്കം അറുപതോളം ചിത്രങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് കോടതി പരിശോധിച്ചത്. റോഡുകളിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പല റോഡുകളുടെയും പാർശ്വങ്ങളിലും നടപ്പാതകളിലും സാധനങ്ങൾ തള്ളിയിരിക്കുകയാെണന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചില റോഡുകൾ വഴിയോരക്കച്ചവടക്കാർ കൈയ്യടക്കിയിരിക്കയാണെന്നും സമിതി ചൂണ്ടിക്കാട്ടി. 


പശ്ചിമ കൊച്ചിയിലെ പെരുമ്പടപ്പ് റോഡിന്റെ ശോചനീയാവസ്ഥ വിശദീകരിച്ച് സെന്റ് ജൂലിയാനോ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആരവ് എം. കമ്മത്ത് അയച്ച കത്ത് കോടതി വായിച്ചു. തനിക്കും ചേട്ടൻമാർക്കും കുട്ടികൾക്കും പേടി കൂടാതെയും പൊടിശല്യം ഇല്ലാതെയും സ്‌കൂളിൽ പോവാൻ നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. 
റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാെണന്നും പെരുമ്പടപ്പ്  അടക്കമുള്ള റോഡുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ 85 കിലോ മീറ്റർ പി.ഡബ്ല്യു.യു റോഡിന്റെ നിർമാണം പുരോഗമിക്കയാണെന്ന് സർക്കാരും അറിയിച്ചു. സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റോഡുകളുടെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാവുമെന്നും സർക്കാർ വ്യക്തമാക്കി. 


പാലാരിവട്ടത്ത് അപകടത്തിൽ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹോദരന് ജോലിയും നൽകുമെന്ന് സർക്കാർ അറിയിച്ചു.  സുരക്ഷാ മുൻകരുതൽ എടുക്കാതിരുന്നതിന് നാല് പി.ഡബ്ല്യു.ഡി എൻജിനീയർമാരെ സസ്‌പെന്റു ചെയ്‌തെന്നും കലക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി ഉണ്ടാവുമെന്നും സർക്കാർ അറിയിച്ചു. കേസ് അടുത്തമാസം 15 ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ തന്നെ പരിഗണിക്കും.

Latest News