കൊച്ചി- പൗരന്മാരെ സംബന്ധിച്ചു പോലീസിന്റെ കൈവശമുള്ള രഹസ്യ വിവരങ്ങൾ സി.പി.എം നിയന്ത്രണത്തിലുള്ള വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കൈമാറിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. സോഫ്റ്റ്‌വെയർ വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം അനുവദിച്ച ഡി.ജി.പിയുടെ ഉത്തരവും ജസ്റ്റീസ് പി.ബി. സുരേഷ് കുമാർ തടഞ്ഞു. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ക്രൈം രേഖകൾ കൈകാര്യം ചെയ്യുന്നതിനാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ അനുമതി നൽകിയത്.
ഹൈക്കോടതി അവശ്യപ്പെട്ടിട്ട് പോലും നൽകാനാകില്ലെന്ന നിലപാട് എടുത്ത ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആന്റ് സിസ്റ്റം എങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് കൊടുക്കാൻ കഴിയുക എന്നു കോടതി ആരാഞ്ഞു. തുടർന്നാണ് സർക്കാർ ഉത്തരവുകൾ മരവിപ്പിച്ചത്.
പോലീസിന്റെ പക്കലുള്ള രഹസ്യവിവരങ്ങൾ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് കൈമാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രഹസ്യസ്വഭാവമുളള ഇത്തരം ഡേറ്റാബേസ് സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് നൽകുന്നതും ദുരൂപദിഷ്ടം ആണെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജ്യോതികുമാർ ചാമക്കാല സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ പരിഗണിച്ചത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. ബ്ലോക്ക് ചെയിൻ അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസനത്തിന് മാത്രമാണ് ഊരാളുങ്കലിന് അനുമതിയെന്നും ഡാറ്റാ ശേഖരത്തിൽ പ്രവേശനം അനുവദിച്ചിട്ടില്ലന്നും സർക്കാർ അറിയിച്ചു. സോഫ്റ്റ് വെയർ വികസനവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. സോഫ്റ്റ് വെയർ സി.സി. ടി.എൻ.എസുമായി ബന്ധിപ്പിക്കിെല്ലന്നും സർക്കാർ അറിയിച്ചു. ക്രൈം വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത് പൗരന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം.