ആ പാവത്തെ തല്ലരുതേ.. തിരുവനന്തപുരത്ത് അജേഷിനെ (30) ആൾക്കൂട്ട അക്രമത്തിന് വിധേയനാക്കുന്നത് കണ്ടപ്പോൾ ആരോ ഒരാൾ വിളിച്ചു കരയുന്നത് സംഭവം ചിത്രീകരിച്ചവർ പങ്ക് വെക്കുന്ന വീഡിയോകളിൽ കേൾക്കാം. പക്ഷേ അതൊന്നും ഭ്രാന്തമായി പെരുമാറുന്നവർ ഗൗനിച്ചില്ല അവർ അതിക്രൂരമായ മർദനം തുടർന്നു.
അടി കൊണ്ട അജേഷ് ഇന്നില്ല. മലയാളിയുടെ കാപട്യത്തിന്റെ മറ്റൊരു ദാഹരണമായി അവന്റെ അമ്മ ഓമനയുടെ നിലവിളി ഇങ്ങിനെ മുഴങ്ങുന്നു.' എന്റെ മകൻ എത്ര വേദന അനുഭവിച്ചാകും മരിച്ചിട്ടുണ്ടാവുക 'അധരം നിറയെ പുരോഗമനം, അകവും പുറവും കാപട്യം' എന്നത് കേരളത്തിന്റെയും മുഖമുദ്രയായത് ഇന്നോ, ഇന്നലെയോ അല്ല. മാധ്യമ വ്യാപനത്തിന്റെ നാളുകളിൽ അതങ്ങ് അതിവേഗം അനാവരണം ചെയ്യപ്പെട്ടു പോകുന്നു എന്ന് മാത്രം. തിരുവനന്തപുരം കോവളം സ്വദേശി അജേഷിനെ ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച്, തീപ്പൊള്ളലേൽപിച്ച് തല്ലിക്കൊന്ന കാര്യം കേരളം അറിഞ്ഞതിന്റെ തൊട്ട് മുമ്പും ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊട്ടാരക്കരയിൽ ജി. അനിൽ കുമാർ (40) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതും ആൾക്കൂട്ട ആക്രമണത്തിലായിരുന്നു. അട്ടപ്പാടിയിൽ വിശന്ന് വലഞ്ഞ മധു എന്ന അധഃസ്ഥിത ചെറുപ്പക്കാരനെ അരി മോഷണത്തിന്റെ പേര് പറഞ്ഞ് തല്ലിക്കൊന്നതിന്റെ പേരിലും കുറച്ചധികം ബഹളം നടന്നതല്ലാതെ ഒന്നും സഭവിച്ചില്ല.
ചോദിക്കാനും പറയാനും ആളില്ലെന്നുറപ്പായവരെയാണ് കേരളത്തിന്റെ ആൾക്കൂട്ടം ഇങ്ങനെ അവരുടെ കൈക്കരുത്തിൽ ഇല്ലാതാക്കിയതെന്നതിന് ഇതാ തൊട്ട് മുമ്പുള്ള വർഷങ്ങളിൽ നടന്ന ചില സംഭവങ്ങൾ - ബംഗാൾ സ്വദേശിയായ മണിയെന്ന യുവാവ് കൊല്ലം ജില്ലയിലെ അഞ്ചലിൽ ആൾക്കൂട്ട വിചാരണ നേരിടേണ്ടി വരികയായിരുന്നു. വിലയ്ക്കു വാങ്ങിയ ഒരു കോഴിയെ കൈവശം വെച്ചതിനായിരുന്നു ഇത്. അവനെ ഭ്രാന്ത് പിടിച്ച ജനം വഴിയിൽ തടഞ്ഞു നിർത്തി മോഷണം ആരോപിച്ചു മർദിച്ചു. കോഴിയെ തങ്ങൾ വിറ്റതാണെന്ന് ബന്ധപ്പെട്ട വീട്ടുകാർ വന്ന് പറയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പോക്കറ്റടി ആരോപണത്തിൽ പെരുമ്പാവൂർ ബസ് സ്റ്റാന്റിൽ കൊല്ലപ്പെട്ട രഘുവിനെയും കേരളം മറന്നിട്ടുണ്ടാവില്ല. ആൾക്കൂട്ടമാകുമ്പോഴും ഒറ്റക്കാവുന്ന ഘട്ടത്തിലും മനുഷ്യരുടെ പൈശാചികത പുറത്ത് ചാടുകയാണ്.
എല്ലാതരം പുരോഗമന നാട്യങ്ങളും റദ്ദ് ചെയ്യപ്പെട്ട് തരംതാണ അവസ്ഥയിലേക്ക് വീണ് യഥാർഥ രൂപം പൂണ്ടു നിൽക്കുന്ന സമൂഹത്തെയാണ് ഇവിടെ നാം കാണുന്നത്. അകമേ ഒരിഞ്ച് മാറാത്ത വ്യക്തിയും സമൂഹവും തന്നെയാണ് നാമിപ്പോഴുമെന്ന് അടിക്കടി നടക്കുന്ന സംഭവങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ആ പാവത്തെ തല്ലരുതേ ....എന്ന് നിലവിളിക്കുന്ന അജ്ഞാതനാണ് അകമേ നവോത്ഥാനം ഉൾക്കൊള്ളുന്ന വ്യക്തി. ജന്മസിദ്ധമായ അത്തരം മനുഷ്യ നന്മകൾ പോലും സംസ്‌കാര ശൂന്യരായ ആൾക്കൂട്ടത്തിന് മുന്നിൽ നിഷ്പ്രഭമാണിന്ന്. ലോകത്തെ മുഴുവൻ മാറ്റിമറിക്കാൻ കഴിയുന്നത്ര വ്യാപ്തിയുള്ള മഹാഗ്രന്ഥങ്ങൾ അടുക്കിവെച്ച ലൈബ്രറികളും, മഹാപ്രഭാഷകരും നേതൃമാന്യന്മാരുമെല്ലാം ഉള്ളു പൊള്ളയായ സമൂഹത്തിന് മുന്നിൽ വീണ്ടും വീണ്ടും തോൽക്കുകയാണ്.
പുറമേക്ക് കാണുന്നതിനെല്ലാം അപ്പുറമുള്ള യഥാർഥ നാട് അതാണ്. ഇത് കേരളമാണ് എന്ന് നെഞ്ച് വിരിക്കുന്നതൊക്കെ വെറുതെ. ആൾക്കൂട്ട അതിക്രമത്തിന് മത വർഗീയ നിറം കേരളത്തിൽ കൈവന്നിട്ടില്ലെന്ന ആശ്വാസ നിശ്വാസമൊക്കെ ഇനി എത്ര നാൾ എന്നറിയില്ല.