കൊച്ചി- പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ മാധ്യമപ്രവർത്തകരെ ഒറ്റുകൊടുത്ത് ബി.ജെ.പി മാധ്യമമായ ജനം ടി.വി രംഗത്ത്. അറസ്റ്റിലായ മാധ്യമപ്രവർത്തകർ വ്യാജ മാധ്യമപ്രവർത്തകർ എന്നാണ് ജനം ടി.വി വിശേഷിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസിലെ ആനന്ദ് കൊട്ടില,രഞ്ജിത് മഞ്ഞപ്പാടി,ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ്, മീഡിയാവണ്ണിലെ ഷെബീർ, ന്യൂസ് 18ന്റെ സുമേഷ് തുടങ്ങി പത്തിലേറെ മലയാള മാധ്യമപ്രവർത്തകരെയാണ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവർ വ്യാജ മാധ്യമപ്രവർത്തകരാണെന്നാണ് ജനം ടി.വി ആക്ഷേപിച്ചത്. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നെങ്കിലും ഇത് സംബന്ധിച്ച് തിരുത്തൽ നൽകാൻ പോലും ചാനൽ തയ്യാറായിട്ടില്ല. മാധ്യമപ്രവർത്തകരെ ഇത്തരത്തിൽ ആക്ഷേപിച്ച ന്യൂസ് നയൻ വാർത്ത പിന്നീട് പിൻവലിച്ചു. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പിൽ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർകരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാവിലെ എട്ടരയോടെ അറസ്റ്റിലായ മാധ്യമപ്രവർത്തകരെ ഇതുവരേയും പോലീസ് മോചിപ്പിച്ചിട്ടില്ല. പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചു കൊന്നത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. അതേസമയം, മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം അപലപനീയമെന്ന് കോൺഗ്രസിന്റെ നേതാവ് എ.കെ ആന്റണി പ്രതികരിച്ചു.