കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ ലാൻഡിങ്ങിനിടെ സ്‌പെയ്‌സ് ജെറ്റ് വിമാനം റൺവെയിൽനിന്ന് തെന്നിയ സംഭവത്തിൽ എയർപോർട്ട് അഥോറിറ്റി പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ഇന്ന് രാവിലെ എട്ടിനാണ് ചെന്നൈയിൽ നിന്നുളള സ്‌പെയ്‌സ് ജെറ്റ് വിമാനം റൺവെയിൽനിന്ന് വശത്തേക്ക് തെന്നിമാറിയത്. ഇതിനെ തുടർന്ന് കരിപ്പൂർ റൺവെ ഒരുമണിക്കൂർ അടച്ചതിനാൽ മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. അപകടത്തിൽ റൺവെയുടെ അതിർത്തിയിൽ സ്ഥാപിച്ച അഞ്ചു ലൈറ്റുകളും തകർന്നിരുന്നു. വിമാനത്തിന്റെ ചക്രവും തകരാറിലായി.
റൺവെയുടെ മധ്യത്തിലിറങ്ങേണ്ട വിമാനം വലതുവശത്തേക്ക് മാറി ലാൻഡ് ചെയ്തതാണ് അപകട കാരണമെന്ന് അഥോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഈ സമയം മഴ ശക്തമായിരുന്നു. വിമാന ലാന്റിഗ് സമയത്തെ കാറ്റും ഇതിനുമുളള കാറ്റിന്റെ ഗതിയും പരിശോധിച്ചു വരികയാണ്. പൈലറ്റിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുളള പ്രാഥമിക വിവരങ്ങളും എയർപോർട്ട് അഥോറിറ്റി കേന്ദ്ര കാര്യാലായത്തിന് കൈമാറിയ റിപ്പോർട്ടിലുണ്ട്.വിമാനത്താവള റൺവെ സുരക്ഷ റിപ്പോർട്ടും,അപകടത്തെ തുടർന്ന് നടത്തിയ പ്രവർത്തികളും അഥോറിറ്റി പ്രാഥമിക റിപ്പോർട്ടിൽ വിവരച്ചിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിന്റെ നവീകരിച്ച റൺവെയുടെ പ്രതലത്തിന് മിനുസം കൂടുന്നത് മഴക്കാലത്ത് വിമാന അപടകടങ്ങൾക്ക് സാധ്യതയേറെയാണെന്ന് ഘർഷണ(ഫിക്ഷൻ)പരിശോധന റിപ്പോർട്ട്. റൺവെ നവീകരണം കഴിഞ്ഞുളള പരിശോധനയിലാണ് വിദഗ്ദ സംഘം വൈമാനികരും എയർട്രാഫിക് കൺട്രോളും മഴക്കാത്ത് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിരുന്നത്. റൺവെ പ്രതലം മിനുസം കൂടുതലാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു ശേഷം റൺവെയിൽ വിമാനങ്ങൾ തെന്നുന്ന രണ്ടാമത്തെ അപകടമാണ് കരിപ്പൂരിലുണ്ടായത്.
18 മാസത്തെ റൺവെ നവീകരണം കഴിഞ്ഞ് മാർച്ച് ഒന്നിനാണ് കരിപ്പൂരിൽ റൺവെ പ്രതലത്തിന്റെ ഘർഷണ പരിശോധന നടത്തിയത്.ഇതിനായി ചെന്നൈയിൽനിന്ന് പ്രത്യേക വിമാനം എത്തിയിരുന്നു.പരിശോധനയിൽ 0.34 ആണ് റൺവെയുടെ ഘർഷണ ഫലം കണ്ടെത്തിയത്. എന്നാൽ കരിപ്പൂർ റൺവെയുടെ മധ്യനിരയിൽനിന്ന് മൂന്ന് മീറ്ററിൽ നടത്തിയ പരിശോധനയിൽ 0.30 ആണ് കിട്ടിയിരുന്നത്.ഇത് കുറഞ്ഞ ഘർഷണ ഫലത്തിലും താഴെയാണ്. മധ്യനിരയിൽനിന്ന് ആറ് മീറ്റർ മാറി നടത്തിയ പരിശോധനയിൽ ഘർഷണം 0.39 ആയിരുന്നു.
മിനുസം കൂടുതലുളളതിനാൽ മഴയത്ത് റൺവെ നനയുമ്പോഴും ഈർപ്പം നിലനിൽക്കുമ്പോഴും വിമാന ലാൻഡിഗിൽ ചക്രങ്ങൾ തെന്നിപ്പോകാൻ സാധ്യയേറെയാണെന്നാണ് പരിശോധന റിപ്പോർട്ട്. ഇതിനെ തുടർന്ന് പ്രത്യേക വാഹനമെത്തിച്ച് മിനുസം കുറക്കാനുളള നടപടികൾ ആരംഭിച്ചിരുന്നു.എന്നാൽ ഇതിനു ശേഷവും രണ്ട് അപകടങ്ങളുണ്ടായതോടെ വീണ്ടും ഘർഷണ പരിശോധന നടത്തിയേക്കും.
കഴിഞ്ഞ ഏപ്രിൽ കരിപ്പൂരിൽ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ ചക്രങ്ങൾ തകർന്ന് അപകടത്തിൽ പെട്ടിരുന്നു. റൺവെയുടെ വശങ്ങളിലെ മൂന്ന് ലൈറ്റുകളാണ് അന്ന് തകർന്നത്.വിമാനം രണ്ടാഴ്ചയാണ് വിമാനത്താവളത്തിൽ കിടന്നത് വഴി എയർഇന്ത്യക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് വന്നത്.