കൊച്ചി - നിർമാതാക്കളെ മനോരോഗികളെന്ന് പരിഹസിച്ച നടൻ ഷെയ്ൻ നിഗമിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇന്ന് കൊച്ചിയിൽ ചേർന്ന സംഘടനയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. നിർമാതാക്കളെ ആക്ഷേപിച്ച ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഷെയ്ൻ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. മര്യാദയോടെ സംസാരിക്കുന്ന നിർമാതാവിനെ മനോരോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുമ്പോൾ സംഘടനക്ക് വെറുതെയിരിക്കാൻ ആവില്ല. മുടങ്ങിപ്പോയ സിനിമകൾക്ക് ചെലവായ തുക ഷെയ്ൻ നിഗത്തിൽ നിന്നു തന്നെ ഈടാക്കണം. വിഷയത്തിൽ ഇനി ഷെയ്‌നുമായി നേരിട്ട് ഒരു ചർച്ചയുമില്ല. ഷെയ്ൻ നൽകുന്ന ഉറപ്പ് ഉൾക്കൊള്ളാനാകില്ല. വിഷയത്തിൽ താരസംഘടനയായ അമ്മയാണ് ഉറപ്പ് നൽകേണ്ടത്. അതേ സമയം ഈ മാസം 22 ന് ചേരാനിരുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ജനുവരിയിലേക്ക് മാറ്റിയതോടെ ഷെയ്‌നെതിരെയുള്ള നടപടിയിൽ ഒത്തുതീർപ്പ് ഇനിയും വൈകും. അമ്മയുടെ തീരുമാനമറിഞ്ഞതിനു ശേഷം മാത്രം വിഷയത്തിൽ ഇടപെട്ടാൽ മതിയെന്നാണ് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ തീരുമാനം.