ജിദ്ദ- 23 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് പ്രമുഖ പരിശീലകനും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനുമായ കുഞ്ഞിമുഹമ്മദ് പട്ടാമ്പി നാട്ടിലേക്കു മടങ്ങുന്നു. എൻജീനിയറിംഗ് ബിരുദധാരിയായ കുഞ്ഞി മുഹമ്മദ് പട്ടാമ്പി നടുവട്ടം സ്വദേശിയാണ്. 1996 ൽ ജിദ്ദയിലെത്തിയ ഇദ്ദേഹം ജൂഫാലി ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. തന്റെ ദീർഘ കാല സ്വപ്‌ന പദ്ധതി നാട്ടിൽ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യവുമായാണ് സ്വയം വിരമിക്കൽ നടത്തി ജിദ്ദയോട് വിടപറയുന്നത്.
പ്രവാസ ലോകത്തെ കുടുംബിനികളും കുട്ടികളും മുതിർന്നവരുമായ നിരവധി പേരെ ജീവിതത്തിന്റെ പുതിയ പ്രതീക്ഷയുടെ പാതയിലേക്ക് തിരിച്ച് നടത്തുകയും സമാശ്വാസം പകരുകയും ചെയ്ത കുഞ്ഞിമുഹമ്മദ് കോഴിക്കോട് ആസ്ഥാനമായി തുടർന്നും ഇതേ സേവനം തുടരുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മടങ്ങുന്നത്.
ഇതിനായി കോഴിക്കോട് മിനി ബൈപ്പാസിൽ ഹോണ്ട ഷോറൂമിന് എതിർവശത്തായി റീഫ് വെൽനെസ്സ് ആന്റ് എക്‌സലൻസ് എന്ന പേരിൽ സ്ഥാപനം ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും.
വിവിധ മനശ്ശാസ്ത്ര പ്രശ്‌നങ്ങൾക്കും വിദ്യാർത്ഥികളുടെ പഠന വൈകല്യങ്ങൾക്കുമുള്ള പരിഹാര മാർഗങ്ങളും, ഹ്രസ്വകാല മനശ്ശാസ്ത്ര പഠന കോഴ്‌സുകൾ, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കുള്ള അതിനൂതന പരിശീലന പരിപാടികളും ഒരു സംഘം സുഹൃത്തുക്കളോടൊപ്പം നടത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്.
പ്രവാസികളിൽ പലരും പല തരത്തിലുള്ള മാനസിക സമ്മർദ്ദത്തിൽ കഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു എൻജിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം മനഃശ്ശാസ്ത്ര പഠനമേഖലയിലേക്ക് തിരിഞ്ഞത്.
തനിമ സാംസ്‌കാരിക വേദി നോർത്ത് സോൺ സെക്രട്ടറി, സിജി, ലീഡ്‌സ് തുടങ്ങിയ വിദ്യാഭ്യാസ സാംസ്‌കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സംഘടനാ വേദികളിലും പരിശീലനം നൽകാൻ അവസരം ലഭിച്ചത് വലിയൊരു സൗഭാഗ്യമായി കാണുന്നുവെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു. സിജി വിഷൻ 2030 വുമെൻ എംപവർ വകുപ്പ് കൺവീനർ കൂടിയാണിദ്ദേഹം.