റിയാദ് - സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഡ്യൂട്ടി സമയത്തിനു ശേഷം ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് മന്ത്രിതല കമ്മിറ്റി രണ്ടു മാസത്തിനകം രൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു.
സർക്കാർ മേഖലയിൽ 15 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. സിവിൽ സർവീസ് മന്ത്രാലയത്തിന്റെ പക്കലുള്ള സർക്കാർ ജീവനക്കാരുടെ വിവരങ്ങളും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ വിവരങ്ങളും ബന്ധിപ്പിച്ചതിലൂടെ 18,000 സർക്കാർ ജീവനക്കാരുടെ പേരുകളിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുള്ളതായി വ്യക്തമായി. ഭാര്യയുടെയും മക്കളുടെയും പേരിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സർക്കാർ ജീവനക്കാരുണ്ട്.
സർക്കാർ ജീവനക്കാർക്ക് വ്യാപാര മേഖലയിൽ പ്രവർത്തനാനുമതി നൽകുന്നത് അവരുടെ ഔദ്യോഗിക ഡ്യൂട്ടിയെയോ ഉൽപാദന ക്ഷമതയെയോ ബാധിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടാകും. ജോലി ചെയ്യുന്ന വകുപ്പുകളുടെ മേധാവികളാണ് സർക്കാർ ജീവനക്കാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും അനുമതി നൽകുക. സ്വകാര്യ മേഖലയിലെ ജോലിയും ബിസിനസും സർക്കാർ ജോലിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ല എന്ന കാര്യവും ബന്ധപ്പെട്ട വകുപ്പ് മേധാവിയാണ് അന്വേഷിച്ച് ഉറപ്പു വരുത്തുകയെന്നും മന്ത്രി പറഞ്ഞു.
ചെറുകിട, ഇടത്തരം മേഖലക്ക് പിന്തുണ നൽകുന്നതിന് പുതിയ ബാങ്ക് സ്ഥാപിക്കുന്നുണ്ട്. ബാങ്ക് സ്ഥാപനം അന്തിമ ഘട്ടത്തിലാണ്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്ന ഏജൻസിയായി പുതിയ ബാങ്ക് മാറും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 1200 കോടി റിയാൽ സർക്കാർ നീക്കിവെക്കുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ വലിയ ഉത്തരവാദിത്തമാണ് സൗദി അറേബ്യക്കുള്ളത്. ആഗോള തലത്തിൽ സൗദി അറേബ്യയുടെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇതിലൂടെ അവസരം ലഭിക്കും. വിവിധ മേഖലകൾ വിദേശ നിക്ഷേപങ്ങൾക്കു മുന്നിൽ തുറന്നിടുന്നതും വൻകിട പദ്ധതികൾ ആരംഭിക്കുന്നതും നിരവധി അവസരങ്ങളാണ് നൽകുന്നത്. സൗദിയിൽ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകരും കമ്പനികളും ആഗ്രഹിക്കുന്നു.
ഹുക്ക വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും പ്രത്യേക നികുതി ബാധകമാക്കിയതിലൂടെ ആളുകൾക്ക് ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇത്തരം സേവനങ്ങൾക്കുള്ള ഏതു നികുതികളും നിക്ഷേപങ്ങളെ ബാധിക്കും. ഇക്കാര്യം ഇപ്പോൾ വാണിജ്യ, നിക്ഷേപ മന്ത്രാലയം പഠിക്കുന്നുണ്ട്. ഹുക്ക വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും പ്രത്യേക നികുതി ബാധകമാക്കിയതിനെതിരെ മന്ത്രാലയത്തിന് ചേംബർ ഓഫ് കൊമേഴ്‌സുകളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്.
ഏതു തീരുമാനത്തെയും അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ടാകും. പുതിയ നികുതി മൂലം കഷ്ടനഷ്ടങ്ങൾ നേരിടുന്ന റെസ്റ്റോറന്റ് ഉടമകളുമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആളുകൾക്കോ നിക്ഷേപകർക്കോ ദോഷകരമാകാത്ത നിലക്ക് ഈ പ്രശ്‌നത്തിന് പൊതുസമ്മതമായ പരിഹാരം കാണുമെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു.