Sorry, you need to enable JavaScript to visit this website.

മക്ക-മദീന ട്രെയിൻ സർവീസ് പുനരാരംഭിച്ചു

മദീന - ഹറമൈൻ റെയിൽവേയിൽ മക്ക-മദീന സർവീസുകൾ പുനരാരംഭിച്ചു. ജിദ്ദ-മദീന സർവീസുകൾ പുനരാരംഭിച്ച് ഒരാഴ്ചക്കു ശേഷമാണ് മക്ക-മദീന സർവീസുകൾ പുനരാരംഭിച്ചത്. മക്കയിലേക്കുള്ള ആദ്യ സർവീസ് ഇന്നലെ രാവിലെ 8.10 ന് മദീന സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതായി മദീന റെയിൽവേ സ്റ്റേഷൻ മാനേജർ സഅദ് അൽശഹ്‌രി പറഞ്ഞു.

മദീനയിൽ നിന്ന് മക്കയിലേക്കും തിരിച്ചും പ്രതിദിനം ആറു സർവീസുകൾ വീതമാണ് നടത്തുന്നത്. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് മക്ക, ജിദ്ദ, റാബിഗ്, മദീന പാതയിൽ ട്രെയിൻ സർവീസുകളുള്ളത്. ഇരു ദിശകളിലുമായി അയ്യായിരത്തോളം പേർക്കാണ് ട്രെയിനുകളിൽ പ്രതിദിനം യാത്രാ സൗകര്യം ലഭിക്കുന്നത്. ഒരു ട്രെയിനിൽ ആകെ 417 സീറ്റുകളാണുള്ളത്. ഹറമൈൻ റെയിൽവേയിൽ സർവീസുകളുടെ എണ്ണം വൈകാതെ വർധിപ്പിക്കാൻ സാധ്യതയുണ്ട്. പഠനങ്ങൾ നടത്തിയാണ് സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയെന്നും സഅദ് അൽശഹ്‌രി പറഞ്ഞു. 


മുഴുവൻ പരിശോധനകളും നടത്തി താൽക്കാലിക പാതയുടെ സുരക്ഷ ഉറപ്പു വരുത്തിയും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി നേടിയും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുമാണ് മക്ക സർവീസുകൾ പുനരാരംഭിച്ചത്. മൂന്നു മാസത്തിലധികം മുമ്പ് ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തിനശിച്ചതിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ താൽക്കാലിക ബദൽ പാതയിലൂടെയാണ് പുനരാരംഭിച്ചിരിക്കുന്നത്.

ജിദ്ദക്കും മദീനക്കുമിടയിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചിരുന്നു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിലെ റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ചാണ് ജിദ്ദ, റാബിഗ്, മദീന നഗരങ്ങൾക്കിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. 
സെപ്റ്റംബർ 29 ന് ആണ് ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തിയമർന്നത്. സുലൈമാനിയ റെയിൽവേ സ്റ്റേഷനും പഴയ റെയിൽ പാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ഒന്നര കിലോമീറ്റർ നീളത്തിൽ ബദൽ പാത നിർമിച്ചിരിക്കുന്നത്. മക്ക സർവീസുകളും പുനരാരംഭിച്ചെങ്കിലും സുലൈമാനിയ സ്റ്റേഷനിൽ സ്റ്റോപ്പില്ല. ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പ്രയോജനപ്പെടുത്തിയാണ് ജിദ്ദാ നിവാസികൾക്കും തീർഥാടകർ അടക്കമുള്ളവർക്കും സേവനം നൽകുന്നത്. ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിലെ അഞ്ചാമത്തെ സ്റ്റേഷനാണ് പുതിയ ജിദ്ദ എയർപോർട്ടിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്.

Latest News