ഖുൻഫുദ - ഖുൻഫുദക്ക് തെക്ക് ഹുലിയിൽ മരം മുറിച്ച മൂന്നു ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഖുൻഫുദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഉദ്യോഗസ്ഥർ കാലിമേയ്ക്കൽ പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും നടത്തിയ പരിശോധനക്കിടെയാണ് മരം മുറിക്കുന്നതിലേർപ്പെട്ട ഇന്ത്യക്കാരെ കണ്ടെത്തിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത ഇന്ത്യക്കാർക്കെതിരായ കേസ് ശിക്ഷ പ്രഖ്യാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.
ശൈത്യകാലമായതോടെ വിറകിനുള്ള ആവശ്യം വർധിച്ചത് മുതലെടുത്ത് വിറകുണ്ടാക്കി വിൽക്കുന്നതിന് മരം മുറിച്ചവരാണ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. അനധികൃതമായി മരങ്ങൾ മുറിച്ച് വിറകുണ്ടാക്കൽ അടക്കം സസ്യ പരിസ്ഥിതിക്കും പ്രകൃതിക്കും കോട്ടം തട്ടിക്കുന്നവരെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും വിവരം നൽകി സഹകരിക്കണമെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ സഈദ് അൽഗാംദി ആവശ്യപ്പെട്ടു.