നെടുമ്പാശേരി- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്നു യാത്രക്കാരിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച ഏഴര കിലോ സ്വർണം പിടികൂടി.മുംബൈ സ്വദേശിയിൽ നിന്നും രണ്ടു കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജന്റ്‌സും മറ്റു രണ്ടു യാത്രക്കാരിൽ നിന്നു അഞ്ചര കിലോ സ്വർണം ഡിആർ ഐയുമാണ് പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണത്തിന് മൂന്നു കോടിയോളം രൂപ വിലവരുമെന്നാണ് വിലയിരുത്തൽ.കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളിൽ നിന്നാണ് അഞ്ചര കിലോ സ്വർണം പിടിച്ചത്.
വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംപലിന്റെ കൈപിടിക്കുന്ന ഭാഗത്തായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.രണ്ടു സെറ്റ് ഡംപലുകളാണ് ഉണ്ടായിരുന്നത്.ഷാർജയിൽ നിന്നും എത്തിയ മുംബൈ സ്വദേശിനി സോനത്തിൽനിന്നാണ് രണ്ടു കിലോ വരുന്ന 17 സ്വർണ ബിസ്‌കറ്റുകൾ ഡിആർ ഐ പിടിച്ചത്. അരയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.