Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ നിയമ ഭേദഗതി: യു.ഡി.എഫ്  പ്രക്ഷോഭം ശക്തമാക്കും -കെ.പി.എ മജീദ്‌

കണ്ണൂർ -  ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ കേരളം ഒറ്റക്കെട്ടാണ് എന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് യു.ഡി.എഫും എൽ.ഡി.എഫും സംയുക്ത പ്രക്ഷോഭം നടത്തിയത്. ഇതിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഒന്നായി അണിചേർന്നു. സംയുക്ത സമരമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി അനുകൂല നിലപാട് കൈക്കൊള്ളുകയായിരുന്നു.
സമരവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 
നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷികളുടെ നേതാക്കളെയും പ്രവർത്തകരെയും ആണ് പ്രക്ഷോഭത്തിലേക്ക് ക്ഷണിച്ചത്. യുഡിഎഫ് സമുന്നത നേതാക്കളായ സി. പി ജോൺ ,എം. എ അസീസ് എന്നിവർക്ക് ഇതിൽ പ്രാതിനിധ്യം ഉണ്ടായില്ല എന്നത് ശരിയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ആകെ ആശയക്കുഴപ്പമാണ് എന്ന വാദം ശരിയല്ല. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ടാണ് വ്യത്യസ്ത അഭിപ്രായങ്ങൾ എപ്പോഴും ഉയർന്നുവരുന്നത്-  കെ.പി .എ മജീദ് പറഞ്ഞു.
ഈ വിഷയത്തിൽ ഇനി യോജിച്ചുള്ള പ്രക്ഷോഭമില്ല. യു.ഡി.എഫും എൽ.ഡി.എഫും പ്രത്യേകം സമര പരിപാടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫ് എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്- മജീദ് പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ നിയമ പോരാട്ടം തുടരും. ഇതിൽ സുപ്രീം കോടതിയിൽ ഹരജി നൽകിക്കഴിഞ്ഞു.ഈ വിഷയം സുപ്രീം കോടതി വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നതിന് തെളിവാണ് പ്രാഥമികവാദം പോലും നടത്താതെ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം. സുപ്രീം കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സമരത്തിന്റെ ഭാഗമായി അക്രമങ്ങൾ ഒഴിവാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു .

 

Latest News