Sorry, you need to enable JavaScript to visit this website.

ഇൻഷുറൻസ് അപ്രൂവൽ ലഭിക്കുന്നത് വരെ ചികിത്സാ ചെലവ് ഈടാക്കുന്നത് നിയമ ലംഘനം

റിയാദ്- ഇൻഷുറൻസ് കമ്പനികളിൽനിന്ന് അപ്രൂവൽ ലഭിക്കുന്നതു വരെ ചികിത്സാ സേവനങ്ങൾക്കുള്ള ചെലവ് അടക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരെ ആശുപത്രികളും പോളിക്ലിനിക്കുകളും നിർബന്ധിക്കുന്നത് നിയമ ലംഘനമാണെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞു.

ഏകീകൃത സഹകരണ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള പരിരക്ഷകൾ ലഭിക്കുന്നവർ, പരസ്പര ധാരണ പ്രകാരം വഹിക്കേണ്ട ആനുപാതിക നിരക്ക് ഒഴികെ ആരോഗ്യ സേവനങ്ങൾക്ക് ഒരുവിധ നിരക്കുകളും അടക്കേണ്ടതില്ല. 


ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവൽ എത്തുന്നതു വരെ ആരോഗ്യ സേവന ചെലവുകൾ അടക്കുന്നതിന് ചില ആശുപത്രികളും പോളിക്ലിനിക്കുകളും നിർബന്ധിക്കുന്നതായി കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കൗൺസിൽ വക്താവ് യാസിർ അൽ മആരിക് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾക്കെതിരായ കേസുകൾ നിയമ നടപടികൾക്ക് പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സർക്കുലറുകളും തീരുമാനങ്ങളും ആരോഗ്യ പരിചരണ സേവന ദാതാക്കൾ പാലിക്കണം. ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഒറ്റത്തവണത്തെ ചികിത്സക്കോ കിടത്തി ചികിത്സക്കോ ശസ്ത്രക്രിയക്കോ ഉള്ള ചെലവ് 500 റിയാലിൽ കവിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവൽ വേണ്ടതുള്ളൂ എന്ന് ഏകീകൃത ഹെൽത്ത് ഇൻഷുറൻസ് നിയമാവലി അനുശാസിക്കുന്നുണ്ട്. 
അടിയന്തര കേസുകളിൽ അപ്രൂവലിന് കാത്തു നിൽക്കാതെ ഉടനടി ചികിത്സ നൽകണം. ഇതിന് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് മുൻകൂട്ടി അപ്രൂവൽ ലഭിക്കേണ്ട ആവശ്യമില്ല. 


ഇത്തരം കേസുകൾ സ്വീകരിച്ച് 24 മണിക്കൂറിനകം ആശുപത്രികൾ ഇൻഷുറൻസ് കമ്പനികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇൻഷുറൻസ് കവറേജ് അപ്രൂവൽ അപേക്ഷയിൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം 60 മിനിറ്റ് ആണ്. 
ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറുപടി ലഭിക്കുന്നതിന് 60 മിനിറ്റിലധികം വൈകുന്ന സാഹചര്യങ്ങളിൽ ചികിത്സാ ചെലവുകൾക്കുള്ള അപ്രൂവൽ ആയി അത് പരിഗണിക്കപ്പെടും. അപ്രൂവലുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുടെ അന്വേഷണങ്ങൾക്ക് 30 മിനിറ്റിനകം മറുപടി നൽകുന്നതിന് ആശുപത്രികളും പോളിക്ലിനിക്കുകളും ബാധ്യസ്ഥരാണ്. 
ഇൻഷുറൻസ് പരിരക്ഷയുള്ളവർ തങ്ങളുടെ അവകാശങ്ങൾ അറിയുകയും പോളിസി പ്രകാരമുള്ള കവറേജുകളും പ്രയോജനങ്ങളും മനസ്സിലാക്കുകയും എല്ലാ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകുന്നതിന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആശയ വിനിമയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയും വേണം. ഏകീകൃത നമ്പറായ 920001177 ലും കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വെബ്‌സൈറ്റും ഇ-മെയിലും ആപ്പും സാമൂഹിക മാധ്യമങ്ങളിലെ ഒഫീഷ്യൽ പേജുകളും വഴി ഇൻഷുറൻസ് ഉപയോക്താക്കളുടെ പരാതികൾ സ്വീകരിക്കുമെന്നും കൗൺസിൽ പറഞ്ഞു. 

Latest News