Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ഹർത്താൽ പൂർണം

കണ്ണൂർ- ദേശീയ പൗരത്വബിൽ ഭേദഗതി നിയമത്തിനെതിരെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കണ്ണൂർ ജില്ലയിൽ പൂർണം. പലയിടത്തും അക്രമം. നിരവധി വാഹനങ്ങൾ തകർത്തു. പിഞ്ച് കുഞ്ഞടക്കം ആറോളം പേർക്ക് പരിക്ക്.
മട്ടന്നൂരിൽ കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് മൂന്നു വയസുള്ള കുട്ടി അടക്കം അഞ്ചുപേർക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. ഹർത്താലനുകൂലികൾ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. പരിക്കേറ്റവരെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിട്ടി പുന്നാട് ആർ.എസ്.എസ് നേതാവിനു നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ സ്ത്രീകൾ അടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മുൻകരുതൽ നടപടിയായി 60 ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇതു വരെ ഒരു ഹർത്താലും ബാധിക്കാത്ത കണ്ണൂർ സിറ്റിയിൽ കടകൾ അടഞ്ഞുകിടന്നു.
ഇരിട്ടി പുന്നാട് ആർ.എസ്.എസ് നേതാവ് സി.പി. ഷിനോജിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ വരുന്നതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകർ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷിനോജിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. കെ.എസ് ആർ.ടി.സി രാവിലെ സർവീസ് ആരംഭിച്ചുവെങ്കിലും പിന്നീട് നിർത്തിവെച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. മട്ടന്നൂരിനടുത്ത് പാലോട്ടുപള്ളിയിലും കണ്ണൂർ കാൽടെക്‌സിലുമാണ് ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞത്. 


പാലോട്ടുപള്ളിയിൽ കാര സ്വദേശി എൻ.വി. പ്രജീഷിന്റെ ഓട്ടോ ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തു. ഉളിയിൽ കുന്നിൻ കീഴിൽ ടിപ്പർ ലോറിക്കു നേരെ കല്ലേറുണ്ടായി. വാഹനത്തിന്റെ ചില്ലുകൾ തകർന്നു.
കണ്ണൂരിൽ പ്രകടനമായി എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകർ റോഡിൽ കിടന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഇവരെ വനിതാ പോലീസെത്തി ബലം പ്രയോഗിച്ചാണ് നീക്കിയത്. റോഡ് ഉപരോധിച്ച മുപ്പതോളം പ്രവർത്തകരെ കണ്ണൂർ നഗരത്തിൽ നിന്നും അറസ്റ്റു ചെയ്തു.


 മട്ടന്നൂരിനടുത്ത് പാലോട്ടുപള്ളിയിൽ ഇന്നലെ രാവിലെ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് മാർഗ്ഗതടസ്സമുണ്ടാക്കി. പോലീസെത്തിയാണ് ഇവ നീക്കം ചെയ്തത്. പാപ്പിനിശ്ശേരി റെയിൽവെ മേൽപാലത്തിന് മുകളിൽ നാഷണൽ പെർമിറ്റ് ലോറി തടഞ്ഞ് വാഹനത്തിന്റെ താക്കോലുമായി കടന്നു. സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ പിന്നീട് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂർ, പഴയങ്ങാടി, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. എവിടെയും അക്രമസംഭവങ്ങളുണ്ടായില്ല.
കണ്ണൂരും തലശ്ശേരിയിലുമടക്കം അറുപതോളം പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു.


 പരീക്ഷകൾ മാറ്റിവെക്കില്ലെന്ന അധികൃതരുടെ നിലപാട് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കി. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും പരീക്ഷകൾ നടത്താനായില്ല.
ഹർത്താലിനെ നേരിടുന്നതിന് ശക്തമായ സുരക്ഷാ സംവിധാനമാണ് പോലീസ്, ജില്ലയിലുടനീളം ഒരുക്കിയത്.
കരുതൽ തടങ്കലടക്കം ഇതു വരെയായി ജില്ലയിൽ നൂറോളം പേരെ അറസ്റ്റു ചെയ്തു. 56 കേസുകളാണ് ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ സ്‌റ്റേഷനിൽ മൂന്നു സ്ത്രീകളടക്കം അറസ്റ്റിലാണ്.

 

Latest News