തിരുവനന്തപുരം - എൻ.ആർ.സി, പൗരത്വ ഭേദഗതി എന്നിവക്കെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ കേരളം ഏറ്റെടുത്ത് വിജയിപ്പിച്ചതായി സംയുക്ത സമിതി നേതാക്കൾ അവകാശപ്പെട്ടു.
പോലീസും സംഘ്പരിവാറും ഉന്നയിച്ച എല്ലാ കുപ്രചരണങ്ങളും തള്ളിക്കളഞ്ഞാണ് ജനകീയ ഹർത്താൽ ജനങ്ങൾ വിജയിപ്പിച്ചത്. വ്യാപാരികളുടെയും വാഹന ഉടമകളുടെയും തൊഴിലാളികളുടെയും വലിയ പിന്തുണയാണ് ഹർത്താലിന് ലഭിച്ചത്. വിദ്യാർഥികൾ പഠിപ്പ് മുടക്കി ഹർത്താലിനെ പിന്തുണച്ചു. ഭരണഘടനാ വിരുദ്ധമായ നിയമം നിർമിച്ച് രാജ്യത്തെ വെട്ടിമുറിക്കാനൊരുമ്പെടുന്ന സംഘ്പരിവാർ സർക്കാരിന് കേരളം നൽകിയ താക്കീതാണ് ഹർത്താൽ വിജയമെന്ന് നേതാക്കൾ പറഞ്ഞു.
സെൻട്രൽ യൂണിവേഴ്‌സിറ്റികളിലടക്കം രാജ്യമെമ്പാടും ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളോടുള്ള കേരള ജനതയുടെ ഐക്യദാർഢ്യമായിരുന്നു ഈ ഹർത്താൽ. ദീർഘകാലം നീണ്ടുനിൽക്കേണ്ട ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ രാജ്യത്തെ ഫാസിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കാനാവൂ.
![](https://www.malayalamnewsdaily.com/sites/default/files/2019/12/17/dec17harthalclt.jpeg)
കേരളത്തിൽ അത്തരം സമരങ്ങളുടെ തുടക്കമെന്നോണമായിരുന്നു നവജനാധിപത്യ പ്രസ്ഥാനങ്ങളും വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഡി.എച്ച്.ആർ.എം പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികളും പോരാട്ടം, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, കെ.ഡി.പി, ഡി മൂവ്‌മെൻറ് അടക്കം നിരവധി നവജനാധിപത്യ പ്രസ്ഥാനങ്ങളും നിരവധി സാമൂഹ്യ പ്രവർത്തകരും ചേർന്ന് ഹർത്താൽ ആഹ്വാനം ചെയ്തത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരേ മനസ്സോടെ അണിനിരന്ന് ഹർത്താൽ വിജയിപ്പിച്ച കേരള ജനതക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നതായി നേതാക്കൾ പറഞ്ഞു.
സമാധാനപരമായി നടന്ന ഹർത്താലിനെ തകർക്കുന്നതിനായി ആയിരത്തിലധികം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കള്ളക്കേസുകൾ ചുമത്താനാണ് പോലീസ് ശ്രമിക്കുന്നത്. പ്രകടനം നടത്തിയവർക്കെതിരെ ജാമ്യമില്ലാത്ത കേസെടുക്കുന്ന അസാധാരണ നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. ഈ പക്ഷപാതിത്വത്തിനും സംഘ്പരിവാർ പ്രീണനത്തിനുമെതിരെ ശക്തമായി പ്രതിഷേധിക്കാൻ ജനാധിപത്യ കേരളം മുന്നോട്ടുവരണമെന്ന് സമിതി നേതാക്കൾ അഭ്യർഥിച്ചു.