ജിദ്ദ- ജി.എസ്.ടിയുടെ മറവിൽ വിദേശ ഇന്ത്യക്കാർക്ക് നാടുകളിലേക്ക് അയക്കുന്ന സാധനങ്ങൾക്ക് നീതീകരിക്കാനാവാത്ത വിധം നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കാർഗോ കമ്പനികൾ അറിയിച്ചു. ജി.എസ്.ടി ഇനത്തിൽ കാർഗോ സാധനങ്ങൾക്ക് 41 ശതമാനം നികുതി ഏർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കാർഗോ കമ്പനി പ്രതിനിധികൾ പറഞ്ഞു. നാടുകളിലേക്ക് സൗജന്യമായി അയക്കാമായിരുന്ന 20,000 രൂപക്ക് സമാനമായ സാധനങ്ങൾ ഗിഫ്റ്റ് പാർസൽ (കൊറിയർ) സംവിധാനം കേന്ദ്രസർക്കാർ നിർത്തലാക്കി. ഇത്മൂലം ഗൾഫ് മേഖലയിൽ നിന്നുള്ള കാർഗോ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
നേരിട്ടും അല്ലാതെയും രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിൽ ജോലിചെയ്ത് വരുന്നത്.
ലക്ഷക്കണക്കിന് കോടി വിദേശ നാണ്യം രാജ്യത്തിന് നേടിക്കൊടുക്കുന്ന പ്രവാസികളെ ഈ വിഷയം നേരിട്ട് ബാധിക്കും. മനുഷ്യത്വ രഹിതമായ ഈ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കാൻ തയാറാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികൾ വഴിയും ഗൾഫ് മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കൾ വഴിയും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും. ഗൾഫ് മേഖലയിലെ കാർഗോ കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി വിശാലമായ ഒരു കൂട്ടായ്മക്ക് രൂപം നൽകുമെന്നും ഓരോ രാജ്യങ്ങളിലും പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കുമെന്നും കാർഗോ കമ്പനി പ്രതിനിധികൾ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.