ദുബായ്- സൗദി അറേബ്യയിലും കുവൈത്തിലും സ്വദേശിവത്കരണം ഊര്‍ജിതമായതോടെ പ്രവാസികള്‍ പ്രതീക്ഷയോടെ കണ്ട യു.എ.ഇയിലും ഇനി കാര്യങ്ങള്‍ അത്ര സുഗമമാവില്ല. സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ഊര്‍ജമേഖലയിലടക്കം പ്രധാന കമ്പനികളില്‍ 2,000 സ്വദേശികള്‍ക്കു ഉടന്‍ നിയമനം നല്‍കും. വിവിധ കമ്പനികളുടെ പട്ടിക മാനവവിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം തയാറാക്കി. 950 സ്വദേശികളുടെ നിയമന നടപടികള്‍ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്ക് വൈകാതെ നിയമനം നല്‍കും. ഇതിനായി വിവിധ മേഖലകളില്‍ നിയമന ദിനങ്ങള്‍ സംഘടിപ്പിക്കും.
അബുദാബി പവര്‍ കോര്‍പറേഷന്‍, അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ), ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ), ഫെഡറല്‍ ജല-വൈദ്യുത വകുപ്പ്, എമിറേറ്റ്‌സ് നാഷനല്‍ ഓയില്‍ കമ്പനി (ഇനോക്), അഡ്‌നോക് ടെക്‌നിക്കല്‍ അക്കാദമി, പെട്രോഫാക്, യുണൈറ്റഡ് സെക്യൂരിറ്റി ഗ്രൂപ്പ്, നിര്‍മാണ, കരാര്‍, ഗതാഗത മേഖലയിലുള്ള ഗന്‍ദൂദ് ഗ്രൂപ്പ് എന്നിവയാണ് കൂടുതല്‍ സ്വദേശിവല്‍ക്കരണത്തിനു സന്നദ്ധത അറിയിച്ച സ്ഥാപനങ്ങള്‍.
സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലുറപ്പാക്കാന്‍ രൂപവല്‍കരിച്ച സ്വദേശിവല്‍കരണ ക്ലബ് സജീവമാക്കാനും തീരുമാനമുണ്ട്. ഇതില്‍ അംഗമാകുന്ന കമ്പനികള്‍ക്ക് മന്ത്രാലയം വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.