കോഴിക്കോട്- പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായി പുരോഗമിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി.
സംസ്ഥാനത്ത് 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. ജില്ലയില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. തിരൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് 25 ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശബരിമല തീര്‍ഥാടകരെയും റാന്നി താലൂക്കിനെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.