Sorry, you need to enable JavaScript to visit this website.

പൗരത്വ ബിൽ, ജാമിഅ മില്ലിയ, അലീഗഢ് പോലീസ് അതിക്രമം: പ്രതിഷേധത്താൽ പ്രകമ്പനം കൊണ്ട് കോഴിക്കോട് നഗരം 

പൗരത്വ ബില്ലിനെതിരെയും ജാമിഅ മില്ലിയ, അലീഗഢ് സർവകലാശാലകളിൽ പോലീസ് നടത്തിയ അതിക്രമത്തെയും അപലപിച്ച് എസ്.ഐ.ഒ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്‌

കോഴിക്കോട് - പൗരത്വ ബില്ലിനെതിരെയും ജാമിഅ മില്ലിയ, അലീഗഢ് സർവകലാശാലകളിൽ പോലീസ് നടത്തിയ അതിക്രമത്തെയും അപലപിച്ച് വിദ്യാർഥി യുവജന സംഘടനകൾ നടത്തിയ മാർച്ചും പ്രതിഷേധ പ്രകടനങ്ങളും കൊണ്ടു കോഴിക്കോട് നഗരം പ്രകമ്പനം കൊണ്ട ദിവസമായിരുന്നു ഇന്നലെ. പാതിരാത്രി തുടങ്ങിയ വിവിധ പ്രതിഷേധങ്ങൾ അടുത്ത രാത്രി വരെ നീണ്ടുനിന്നു. 
ഞായറാഴ്ച രാത്രിയോടെയാണ് ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധത്തിനു തുടക്കം കുറിച്ചത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ മലബാർ എക്‌സ്പ്രസ് പ്രതീകാത്മകമായി തടഞ്ഞതോടെയാണ് സമര പരമ്പരകൾക്ക് തുടക്കമായത്. മുപ്പതോളം പ്രവർത്തകർ പ്രകടനമായെത്തി ട്രെയിൻ തടയുകയായിരുന്നു. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും അതു വകവെക്കാതെ സ്റ്റേഷനുള്ളിൽ കടന്ന പ്രവർത്തകർ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന ജോ. സെക്രട്ടറി പി റിജിൽ, ജില്ലാ സെക്രട്ടറി വി വസീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ ട്രെയിൻ തടഞ്ഞത്.

പിന്നീട് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് തടഞ്ഞു. ഒരു മണിക്കൂർ നീണ്ട പ്രതിഷേധം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് അവസാനിച്ചത്. കെഎസ്‌യു ജില്ലാ സെക്രട്ടറി അഡ്വ. വിപി നിഹാൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ശേഷം എംഎസ്എഫ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തി. മാർച്ചിന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജന. സെക്രട്ടറി എൻ പി നവാസ് എന്നിവർ നേതൃത്വം നൽകി.

പുലർച്ചെ രണ്ടു മണിയോടെ എസ്എസ്എഫ് പ്രവർത്തകരും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി റെയിൽവേ സ്റ്റേഷനിലെത്തി. സമരക്കാരെ പോലീസ് തടഞ്ഞു. നഗരത്തിൽ പ്രകടനം നടത്തി പ്രതിഷേധം അവസാനിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്ഹർ, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് അസ്ഹരി തുടങ്ങിയവർ നേതൃത്വം നൽകി.

എസ് എഫ് ഐ പ്രവർത്തകർ രാവിലെ പതിനൊന്നോടെ ക്രിസ്ത്യൻ കോളേജ് മുതൽ മാനാഞ്ചിറ വരെ വി ദ പീപ്പ്ൾ ഓഫ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ലോംഗ് മാർച്ചും സംഘടിപ്പിച്ചു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് ലോംഗ് മാർച്ചിനു നേതൃത്വം നൽകിയത്.
തിങ്കളാഴ്ച രാവിലെ മുതൽ വിവിധ രാഷ്ട്രീയ യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

എസ്‌ഐഒയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ബിഎസ്എൻഎൽ ഓഫീസിലേക്കു നടത്തിയ മാർച്ച് വ്യത്യസ്തമായ പ്രതിഷേധമായിരുന്നു. യുവാക്കൾ അണിനിരന്ന മാർച്ചിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ ഷർട്ടൂരിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിവാദ പൗരത്വ ബില്ലിനെതിരെയുള്ള മുദ്രാവാക്യങ്ങൾ ഇവർ ശരീരത്തിൽ എഴുതിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. വസ്ത്രം ധരിക്കാനുൾപ്പെടെയുള്ള സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്നും നിങ്ങൾക്കെന്താണു മോഡീ ചെയ്യാനുള്ളതെന്നും എഴുതിയ പ്ലക്കാർഡുകളും ഇവർ ഉയർത്തിപ്പിടിച്ചിരുന്നു. 


മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിച്ച ഡേ നൈറ്റ് മാർച്ച് രാവിലെ എട്ടു മണിയോടെ ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ എത്തിയരുന്നു. മലപ്പുറം പൂക്കോട്ടൂരിലെ യുദ്ധ സ്മാരകത്തിൽ നിന്ന് ഞായറാഴ്ചയാണ് മാർച്ച് ആരംഭിച്ചത്. രാമനാട്ടുകരയിൽ നിന്ന് തുടങ്ങിയ പ്രതിഷേധ താത്ര വൈകിട്ടോടെയാണ് ബീച്ചിലെ സമാപന സ്ഥലത്ത് എത്തിയത്. ആയിരങ്ങളാണ് മാർച്ചിൽ അണിനിരന്നത്. 

ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിക്കു സമീപം പ്രത്യേകം ഒരുക്കിയ വേദിയിൽ ഏകദിന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വാ മൂടിക്കെട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. 


എംഎസ്എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെ കുറിച്ച് സംഘടിപ്പിച്ച മാധ്യമ സംവാദം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി സംസാരിച്ചു.

ഒരു രാവും പകലും നീണ്ടുനിൽക്കുന്ന തുടർച്ചയായ പ്രതിഷേധ സമരങ്ങൾക്കാണ് ഇന്നലെ കോഴിക്കോട് നഗരവും ജില്ലയുടെ വിവിധ പ്രദേശങ്ങളും സാക്ഷിയായത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്ര സർക്കാറിന്റെ തെറ്റായ ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുന്ന കാഴ്ച കൂടിയാണ് ഇന്നലെ കണ്ടത്. ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന സമരത്തിനെതിരെ ആസൂത്രിതമായ ആക്രമണമാണ് പോലീസ് നടത്തിയത്. ലാത്തിച്ചാർജിലും ഗ്രനേഡ് ആക്രമണത്തിലും മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

 

Latest News