പാലക്കാട് - കള്ളുൽപാദനം കുത്തനെ ഇടിഞ്ഞിട്ടും ചിറ്റൂരിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്ന കള്ളിന്റെ അളവിൽ കുറവില്ല, മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം കള്ള് ചെത്തുന്ന ചിറ്റൂർ താലൂക്കിൽ പരിശോധന കർശനമാക്കാൻ എക്‌സൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്നു. മേഖലയിലെ തെങ്ങിൻ തോപ്പുകളിൽ നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഉന്നതോദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കാനാണ് വകുപ്പുതല തീരുമാനം. ജില്ലക്ക് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെയായിരിക്കണം ഇക്കാര്യത്തിന് ഉപയോഗിക്കേണ്ടത് എന്ന് ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്തു നിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം വരുമെന്നാണ് സൂചന.
ചിറ്റൂരിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന കള്ളിന്റെ വലിയൊരു ഭാഗം വ്യാജനാണെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് വിഭാഗം മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ രേഖകൾ പ്രകാരം ചിറ്റൂർ താലൂക്കിൽ കള്ള് ചെത്തുന്നതിന് 650 പെർമിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതിൽ 542 പെർമിറ്റുകൾ തെക്കൻ കേരളത്തിലേക്കും ശേഷിക്കുന്നവ വടക്കൻ ജില്ലകളിലേക്കും ഉള്ളതാണ്. ഇപ്രകാരം 1,65,551 ലിറ്റർ കള്ള് പ്രതിദിനം കൊണ്ടുപോകാം. 1,88,161 തെങ്ങുകൾ ചെത്തുന്നുണ്ടെന്നാണ് കണക്ക്. 530 അംഗീകൃത കള്ള് ചെത്ത് തൊഴിലാളികളാണ് ചിറ്റൂരിൽ ഉള്ളത്.
വെള്ളീച്ചയുടെ ശല്യവും കാലാവസ്ഥാ വ്യതിയാനവും കാരണം കള്ളിന്റെ ഉൽപ്പാദനം നാലിലൊന്നായി ചുരുങ്ങിയെന്നാണ് തൊഴിലാളികൾ തന്നെ പറയുന്നത്. ശരാശരി പന്ത്രണ്ട് തെങ്ങുകളാണ് ഒരു തൊഴിലാളി ചെത്തുക. നാൽപ്പത് ലിറ്ററിലധികം കള്ള് ഇതിൽനിന്ന് ലഭിക്കാറുണ്ട്. എന്നാൽ ഈ വർഷം പന്ത്രണ്ട് തെങ്ങ് കയറുന്ന ഒരു തൊഴിലാളിക്ക് പതിനഞ്ച് ലിറ്ററിൽ താഴെ കള്ള് മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അതുമൂലം പലരും തൊഴിൽ ഉപേക്ഷിച്ച മട്ടാണെന്നും ആണ് മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) താലൂക്ക് പ്രസിഡന്റ് സി.ബാലൻ പറയുന്നത്.
എന്നാൽ ചിറ്റൂരിൽനിന്ന് കൊണ്ടു പോകുന്ന കള്ളിന്റെ കണക്കിൽ ഇത്ര വലിയ കുറവ് അനുഭവപ്പെടുന്നില്ല. 1,21,577 ലിറ്റർ കള്ളാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നത്. ഉൽപാദനം കുത്തനെ ഇടിഞ്ഞിട്ടും ഇതിൽ അതിനനുസരിച്ചുള്ള കുറവ് അനുഭവപ്പെടാത്തത് വ്യാജക്കള്ള് നിർമ്മാണം മൂലമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. ചെത്താനായി കരാറാക്കുന്ന തെങ്ങിൻ തോപ്പുകൾ കേന്ദ്രീകരിച്ചാണ് കൃത്രിമക്കള്ള് നിർമ്മാണം നടക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. മദ്യദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട പരിശോധനകളും തുടർനടപടികളും പതിവുണ്ടെങ്കിലും മറ്റ് സമയങ്ങളിൽ അത് അവഗണിക്കുന്നതാണ് കണ്ടുവരുന്നത്. ഏതാനും വർഷം മുമ്പ് നിരവധി മരണത്തിന് ഇടയാക്കിയ കുറ്റിപ്പുറം മദ്യദുരന്തത്തിന് വഴിയൊരുക്കിയത് ചിറ്റൂരിലെ കൃത്രിമക്കള്ള് ആയിരുന്നു.