കാസർകോട് -തൊഴിലിടത്തിൽ പൊലീസുകാരായഭർത്താക്കൻമാരെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം വീട്ടമ്മമാർ പൊതുപരാതിയുമായി വനിതാ കമ്മീഷൻ മുമ്പാകെ എത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിൽ കമ്മീഷൻ അംഗം ഷഹിദാ കമാൽ വീട്ടമ്മാരുടെ പരാതി കേട്ടു. പരാതിക്കാരായ 12 വീട്ടമ്മമാരിൽ ആറ് പേരാണ് അദാലത്തിൽ ഹാജരായത്.
പോലീസ് വകുപ്പിലെ ടെലി കമ്യൂണിക്കേഷൻ സെക്ഷൻ സി.ഐയ്ക്ക് എതിരെയാണ് പരാതി. ഭർത്തൃ പിതാവ് കുഴഞ്ഞ് വീണിട്ടും മേലുദ്യോഗസ്ഥൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തന്റെ ഭർത്താവിനെ അനുവദിച്ചില്ലെന്ന്പരാതിക്കാരിൽ ഒരാൾ കമ്മീഷനിൽ പരാതിപ്പെട്ടു. പരാതി കേട്ട ശേഷംകമ്മീഷൻ അംഗം ഷാഹിദാ കമാൽ നിജസ്ഥിതി പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകാൻ എ എസ് പി ഡി ശിൽപയെ ചുമതലപ്പെടുത്താൻ ജില്ലാ പോലീസ്മേധാവിയോട് നിർദേശിച്ചു.
തൊഴിലിടത്തിൽ നിന്നുള്ള പീഡനത്തെപ്പറ്റി ഇതിനു മുമ്പും കമ്മീഷൻ മുമ്പാകെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും വീട്ടമ്മമാർ ഭർത്താക്കൻമാരുടെ മേലുദ്യോഗസ്ഥന് എതിരെ പൊതുപരാതിയുമായി കമ്മീഷൻ മുമ്പാകെ എത്തുന്നതെന്ന് ഷഹിദാ കമാൽ പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അതീവ പ്രാധാന്യത്തോടെയാണ് കമ്മീഷൻ ഈ വിഷയത്തെ സമീപിക്കുന്നതെന്ന് അവർ പറഞ്ഞു അതിനാലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്.
ഈ പരാതിയിലെ എതിർകക്ഷിയായ സി ഐ ആശുപത്രിയിൽ ചികിത്സയിലായതിനാൽ സിറ്റിങിൽ ഹാജരാകാൻ കഴിയില്ലെന്ന് രേഖാമൂലം അറിയിച്ചതായി ഇവർ പറഞ്ഞു. ജനുവരി 24 ന് നടക്കുന്ന അടുത്ത സിറ്റിങിൽ ഈ കേസ് പരിഗണിക്കും. ആവശ്യമെങ്കിൽ പരാതിക്കാരുടെ ഭർത്താക്കൻമാരെ വിളിച്ച് കമ്മീഷൻ മൊഴിയെടുക്കും.
അതിനിടെ, പോലീസിലെ ടെലികമമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പി എസ് സി മുഖേന വനിതാ ജീവനക്കാരെ നിയമിക്കാറില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കമ്മീഷൻ അംഗം ഷഹിദാ കമാൽ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനും കത്തു നൽകും.