Sorry, you need to enable JavaScript to visit this website.

ഹർത്താൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമെന്ന് സംയുക്ത സമിതി

തിരുവനന്തപുരം - പൗരത്വ ഭേദഗതിക്കെതിരെയും എൻ.ആർ.സിക്കെതിരെയുമുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ കേരളത്തിന്റെ കണ്ണി ചേരലായി നാളത്തെ ഹർത്താൽ മാറുമെന്ന് സംയുക്ത സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ജാമിഅ മില്ലിയ, ജെ.എൻ.യു, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, അലീഗഢ്, ചെന്നൈ ഐ.ഐ.ടി, മുംബൈ ടിസ് അടക്കം രാജ്യ വ്യാപകമായി  നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമാണ് ഈ ഹർത്താൽ. രാജ്യത്തെ പൗരൻമാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷേഭങ്ങളെ പോലീസിനെയും കേന്ദ്ര സേനകളെയും ഉപയോഗിച്ച് ചോരയിൽ മുക്കിക്കൊല്ലാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. വിദ്യാർഥിനികളെ വരെ പൊതുനിരത്തിൽ ആക്രമിക്കുകയാണ്. ഈ സമഗ്രാധിപത്യ വാഴ്ചക്കെതിരെ നവോത്ഥാന കേരളത്തിന് ഒരുമിച്ച് പ്രതിഷേധിക്കാനുള്ള സന്ദർഭമാണ് നാളത്തെ ഹർത്താൽ.
തികച്ചും ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹർത്താൽ. ഭരണകൂടവും കേരള പോലീസും സംഘ്പരിവാറും ഹർത്താലിനെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ കേരള ജനത തള്ളിക്കളയണം. 

ഹർത്താൽ നടത്തുന്ന സംഘടനകളോ അവരുടെ പ്രവർത്തകരോ ഏന്തെങ്കിലും അക്രമ പ്രവർത്തനമോ ബലപ്രയോഗമോ ഹർത്താലിന്റെ പേരിൽ നടത്തില്ല. ദൽഹി മാതൃകയിൽ സംഘ്പരിവാരും പോലീസും ചേർന്ന് ഈ പ്രക്ഷോഭത്തെ പൈശാചികവൽക്കരിക്കാൻ സാധ്യതയുണ്ട്. കേരള പോലീസിൽ സംഘ്പരിവാറിന്റെ സ്വാധീനം എല്ലാവർക്കും അറിയുന്നതാണ്. 

കൃത്രിമമായി സംഘർഷങ്ങൾ സൃഷ്ടിച്ച്  മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുക എന്നത് സംഘ്പരിവാറിന്റെ സ്ഥിരം രീതിയാണ്. കുമ്മനം രാജശേഖരന്റെ പ്രസ്താവനയിൽ ഇതിന്റെ ദുസ്സൂചനയുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാൽ പോലീസിനും സർക്കാറിനും ആയിരിക്കും അതിന്റെ ഉത്തരവാദിത്തം. കേരള ജനത ഉയർന്ന ജാഗ്രതയോടെ കരുതിയിരിക്കണം. ജനാധിപത്യപരമായി നടക്കുന്ന ഈ പ്രക്ഷോഭത്തെ പിന്തുണക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണം. ജനങ്ങൾ സ്വയം സന്നദ്ധരായി ഈ ഹർത്താൽ വിജയിപ്പിക്കും. കടകളടച്ചും യാത്രാ, തൊഴിൽ എന്നിവ ഒഴിവാക്കിയും പഠിപ്പ് മുടക്കിയും മുഴുവൻ ജനങ്ങൾക്കും അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുളള സമര വേദിയാണ് ഹർത്താൽ.

ശബരിമല തീർത്ഥാടകർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ല. റാന്നി താലൂക്കിനെ സമ്പൂർണമായി ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ ഒരു തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹർത്താൽ നടക്കുക. എൻ.ആർ.സി, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെയുള്ള കേരളത്തിന്റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബർ 17 ലെ ഹർത്താലിനെ മാറ്റിയെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയാറാകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി  കെ.എ. ഷഫീക്ക്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ബി.എസ്.പി സംസ്ഥാന സെക്രട്ടറി, മുരളി നാഗ, ഡി.എച്ച്.ആർ.എം. പാർട്ടി വർക്കിംഗ് പ്രസിഡന്റ് സജി കൊല്ലം, അഡ്വ. ഷാനവാസ് (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്),  സംയുക്ത സമിതി പ്രചാരണ വിഭാഗം കൺവീനർ ശ്രീജ നെയ്യാറ്റിൻകര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഹർത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ 

 

Latest News