റിയാദ് - പുതിയ വിസയിൽ സൗദിയിലെത്തുന്ന വേലക്കാരികളെ അൽഖസീം പ്രിൻസ് നായിഫ് എയർപോർട്ടിൽനിന്ന് സ്വീകരിക്കുന്ന പൂർണ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും നൽകിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഡിസംബർ 25 മുതൽ ഈ ക്രമീകരണം ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ടിലും നിലവിൽ വരും. നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനാണ് പുതിയ വിസകളിൽ രാജ്യത്തെത്തുന്ന വേലക്കാരികളെ അൽഖസീം, ദമാം എയർപോർട്ടുകളിൽ സ്വീകരിക്കുന്ന പൂർണ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും നൽകുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും സ്വീകരിക്കുന്ന വേലക്കാരികളെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു കീഴിലെ പ്രത്യേക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി നിശ്ചിത സമയത്തിനകം സ്‌പോൺസർമാരെ വിളിച്ചുവരുത്തി കൈമാറുകയാണ് വേണ്ടത്. പുതിയ വിസകളിൽ എയർപോർട്ടുകളിലെത്തുന്ന വേലക്കാരികളെ സ്വീകരിക്കുന്നതിന് പലവിധ കാരണങ്ങളാൽ സ്‌പോൺസർമാർ എത്തുന്നതിന് കാലതാമസം നേരിടുകയോ കഫീലുമാർക്ക് എത്താൻ സാധിക്കാതെ വരികയോ ചെയ്യുന്നതു മൂലമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് വേലക്കാരികളെ സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ഏൽപിക്കുന്നത്.