Sorry, you need to enable JavaScript to visit this website.

മഅദനി; ഉത്തരമില്ലാത്ത നിയമ ഭരണകൂട സമസ്യ

Justice delayed is justice denied." - William E. Gladstone

ക്ഷരങ്ങൾ സാഹിത്യകാരന്‍റെ ആയുധമാണെങ്കിൽ വാക്കുകൾ പ്രാസംഗികന്‍റെയും ആയുധമാണ്. സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലർ തന്‍റെ വാക്കുകളിലൂടെ ജനലക്ഷങ്ങളെ തനിക്കനുകൂലമാക്കി ചിന്തിപ്പിച്ചിരുന്നുവെന്നത്  ചരിത്രം. ജനവിരുദ്ധ നയങ്ങൾക്കൊണ്ടും ഹൈന്ദവ ഫാഷിസ തേർവാഴ്ചകൊണ്ടും കോർപ്പറേറ്റുദാസ്യംകൊണ്ടും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാകുമ്പോഴും സംഘപരിവാർ മുന്നണിയുടെയും സർക്കാരിന്‍റെയും ശബ്ദമായി മാറുവാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു കഴിയുന്നതും അദ്ദേഹത്തിന്‍റെ വാഗ്വിലാസം ഒന്നുകൊണ്ട് മാത്രമാണ്. അതേസമയം ഒരു കാലത്ത്,  കേരളത്തിലെ യുവ രാഷ്ട്രീയ, മതനേതാക്കാൻമാരിൽ തന്‍റെതായ സ്ഥാനം വഹിച്ചിരുന്ന  അബ്ദുൽ നാസർ മഅ്ദനിയെന്ന നേതാവിന്‍റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല. എന്നാല്‍ ഈ പ്രസംഗം ആത്യന്തികമായി അത് അദ്ദേഹത്തെ എത്തിച്ചത് നിരന്തരമായ കാരാഗ്രഹ വാസത്തിലേക്കായിരുന്നു. ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ കാലം വിചാരണാ തടവുകാരനായി ജയിൽവാസം അനുഭവിച്ചതിന്‍റെ ആഗോള കാലയളവുകൾ പരിശോധിച്ചാൽപ്പോലും മുന്നിലുള്ള പേരുകളിൽ ഒന്ന് മഅ്ദനിയുടേതായിരിക്കും എന്നുറപ്പ്

നിരോധിത സംഘടനയായ ഐ.എസ്.എസ്.(ഇസ്ലാമിക് സേവക് സംഘ്) എന്നാ സംഘടനയിലൂടെ തന്‍റെ രാഷ്ട്രീയവും മതവും കൂടിക്കലർത്തുന്ന രീതിയിലുള്ള തുടക്കത്തിനു നിരോധനത്തിലൂടെ തടസ്സം വന്നുവെങ്കിലും, പിന്നീട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുമായി വന്നു തന്‍റെ സംഘടനാ ശേഷിയും, രാഷ്ട്രീയ പ്രഭാവവും കാണിക്കുന്നതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചുവെന്നു വേണം ചരിത്രം വിലയിരുത്തുമ്പോൾ മനസ്സിലാക്കുവാൻ.
 
ഗൂഢാലോചന, സാമൂദായിക സൗഹാർദ്ദം തകർക്കുന്ന പ്രവർത്തികളും,സംസാരവും തുടങ്ങി 1998ൽ അറുപതു പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ ബോംബ് സ്‌ഫോടനക്കേസ് വരെ ചുമത്തി ഒമ്പതരവർഷം മഅ്ദനിയെ ജയിലിലും കിടത്തി. ഒമ്പതരവർഷത്തെ ജയിൽ വാസം തകർത്ത ആരോഗ്യം മഅ്ദനിയുടെ സംസാരത്തിന്‍റെയും പ്രവർത്തന ശൈലിയുടേയും പ്രവർത്തനം മാറ്റിയെന്നു വേണം കരുതാൻ. എന്നാൽ മഅ്ദനിയെ നിയമവും, ഭരണകൂടങ്ങളും വേട്ടയാടുന്നത് അവിടെയും അവസാനിച്ചില്ല.  ബംഗളുരു സ്‌ഫോടനത്തിന്‍റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ് 17 നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11നു കർണാടക ഹൈക്കോടതി അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്‍റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്‍റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്. എങ്കിലും നിരന്തരമായി നീളുന്ന വിചാരണയും കേസ് നടപടികളും പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി മഅ്ദനിക്ക് സ്ഥിരമായ ജാമ്യം അനുവദിച്ചു. എങ്കിലും ബംഗളൂരു നഗരം വിട്ടുപോകുവാൻ അനുവാദം ഉണ്ടായിരുന്നില്ല. 

Image result for mahdani

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസമാണ് മഅ്ദനി മാതാവിനെ സന്ദർശിക്കാനും, മകന്‍റെ വിവാഹത്തിൽ സംബന്ധിക്കാനുമായി കർണ്ണാടക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി അപേക്ഷ സമർപ്പിച്ചത്. എന്നാൽ കർണ്ണാടക സംസ്ഥാന സർക്കാരിന്‍റെ ദ്രോഹപരമായ നിലപാടുകൾ കാരണം കോടതിക്ക് വ്യവസ്ഥകളിൽ ഇളവു നൽകാനായില്ല. ആ ഘട്ടത്തിൽ മഅദനി സുപ്രീംകോടതിയെ സമീപിച്ചു. കോടതിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും മഅദനിയുടെ സുരക്ഷ, യാത്ര, താമസം അടക്കമുള്ളവയ്ക്കായി 14,79,875 രൂപ കെട്ടിവയ്ക്കണമെന്ന നിലപാടെടുത്തുകൊണ്ട് കർണ്ണാടക പോലീസ് മഅദനിയെ സമാനതകളില്ലാത്തവിധം ദ്രോഹിക്കുവാനും, സുപ്രീംകോടതി വിധി അട്ടിമറിക്കുവാനും ശ്രമിച്ചു. മഅദനിയുടെ അഭിഭാഷകർ ഇക്കാര്യം വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, കോടതി രൂക്ഷഭാഷയിൽ കർണ്ണാടക സർക്കാരിനെ വിമർശിക്കുകയും ചെയ്തു. ഇപ്പോൾ ഇതെഴുതുന്ന ഈ സമയം അബ്ദുന്നാസിർ മഅ്ദനി സുരക്ഷ ചെലവിനായി 1,18,000 രൂപ നൽകിയാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. സന്ദർശനസമയം നാല് ദിവസം കൂടി നീട്ടി നൽകുകയും ചെയ്തു. ആഗസ്റ്റ് ആറുമുതൽ  19 വരെയാണ് കോടതി നീട്ടി നൽകിക്കൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്. വിചാരണത്തടവുകാരുടെ മേൽ തുക ചുമത്തുന്നത് കീഴ്വഴക്കമാക്കരുതെന്ന കർണാടകയോടുള്ള സുപ്രീംകോടതി നിർദേശമാണ് ഈ വിഷയത്തിലെ പരമപ്രധാനമായ അക്കാദമിക വിഷയവും, നിയമവിദ്യാർഥികൾക്ക് പഠിക്കുവാനുള്ള പാഠവും! 

മഅദനിവേട്ടയിലെ ഹൈന്ദവ രാഷ്ട്രീയം, ജുഡീഷ്യറിയുടെ ദൌർബ്ബല്ല്യങ്ങൾ.

മഅദനി വിഷയത്തിൽ കർണ്ണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ സുപ്രീംകോടതിയിൽനിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങി എന്ന് കേൾക്കുമ്പോൾ, കർണ്ണാടക ഭരിക്കുന്നത് സംഘപരിവാർ സർക്കാരല്ല എന്ന ഓർമ്മ തികട്ടിയെത്തുന്നു. ഒരു പക്ഷേ ഈയൊരു ബോധ്യമാണ് ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് പഠിക്കുന്ന രാഷ്ട്രീയ വിദ്യാർത്ഥികളെ ഞെട്ടിക്കുന്നത്. കാരണം കർണ്ണാടക ബി ജെ പി ഭരിച്ചിരുന്ന കാലത്തേക്കാൾ ക്രൂരമായ നിലപാടുകളാണ് കർണ്ണാടകയിലെ കോണ്‍ഗ്രസ് സർക്കാർ മഅദനിക്കെതിരെ സ്വീകരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. അത് വളരെ യാദൃശ്ചികമായതോ, സ്വാഭാവികമായതോ ആയ ഒരു രാഷ്ട്രീയ ഭരണകൂട നിലപാടാണ് എന്ന് കരുതാനാവില്ല.  കോൺഗ്രസ്സിന് ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാനാവുന്നതിൽ പരിധികളുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുക മാത്രമാണ് തകർന്നുതരിപ്പണമായ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയുടെ അതിജീവനത്തിന്‍റെ അവശേഷിക്കുന്ന മാർഗ്ഗമെന്ന തിരിച്ചറിവായിരിക്കാം കർണ്ണാടകയിലെ മതേതര സർക്കാർ മഅദനിയുടെ കാര്യത്തിൽ ഇത്തരം വിചിത്രമായ നിലപാടുകൾ എടുക്കുന്നതിനു കാരണം. 

ഈ രാജ്യത്തെ നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന പഴുതുകളുടെ രാഷ്ട്രീയ ഉപയോഗപ്പെടുത്തലിന്‍റെ ഒരു ഇരയാണ് മഅദനി. നമ്മുടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാർട്ടികളും എല്ലാംകൂടി ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് 'അസഹിഷ്ണുവായ ഒരു പ്രജയെ' സൃഷ്ടിക്കുക എന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് എന്തെങ്കിലും ശിക്ഷ വിധിക്കുക സാധ്യമല്ലാത്തതിനാൽ ഇത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കർണ്ണാടകാ സർക്കാരിന്‍റെയോ, ഇന്ത്യൻ സർക്കാരിന്‍റെയോ ഇഷ്ടക്കാരനല്ല മഅദനി എന്ന് മനസിലാക്കാൻ ഗവേഷണമൊന്നും വേണ്ട. ആ നിലയ്ക്ക് അയാളെ ഏതെങ്കിലും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ശിക്ഷിക്കാൻ പോന്ന വ്യാജ തെളിവുകളെങ്കിലും ഉണ്ടാക്കാനായാൽ അയാൾ ഇന്നും ഇങ്ങനെ നിരന്തരകാലം ജയിലിൽ കിടക്കില്ല എന്നതും സാമാന്യ യുക്തിയാണ്. എങ്കിലും നമ്മുടെ ജുഡീഷ്യറിക്കും, ഭരണകൂടങ്ങൾക്കും വ്യാഖ്യാനിക്കാനാവാത്ത കാരണങ്ങളാൽ മഅദനിയുടെ 'വിചാരണാതടവ്' അജ്ഞാതമായ കാരണങ്ങളാൽ അതിന്‍റെ രണ്ടാം ഘട്ടത്തിലെ രണ്ടാം പതിറ്റാണ്ട് പൂർത്തിയാകുവാൻ പോകുന്നു.   

നമ്മുടെ നാട്ടിൽ നിന്നും പിടിച്ചുകൊണ്ടുപോയി ഒമ്പതരവർഷം കോയമ്പത്തൂർ ജയിലിലും അതിനുശേഷം ഇപ്പോൾ ബാംഗ്‌ളൂർ ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യനു വേണ്ടി വേണ്ടരീതിയിൽ  പ്രതികരിക്കാനോ, യോജിച്ച സമരപരിപാടികൾ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ലയെന്നതാണ് വസ്തുത. മാധ്യമങ്ങൾ നിർമ്മിച്ചതായിരുന്നു ആ പൊതുബോധമെങ്കിലും മാധ്യമങ്ങൾ തിരിച്ചറിഞ്ഞിരുന്നു എന്താണു ഈ ജനതയ്ക്ക് സ്വീകാര്യമെന്ന്, അതിനനുസരിച്ച് അവർ കഥകളെഴുതിയെന്നുമാത്രം.  അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ പൊള്ളയാണെന്നുള്ളതിന്‍റെ നൂറു നൂറു തെളിവുകൾ  ദിനേനയെന്നോണം വന്നുകൊണ്ടിരുന്നു. പക്ഷേ, അതു ശ്രദ്ധിക്കാതെ, അല്ലെങ്കിൽ വേണ്ടപരിഗണന കൊടുക്കതെ നമ്മൾ വേറെ വാർത്തകൾ തേടിക്കൊണ്ടിരുന്നു. 2008ൽ ബാഗ്ലൂരില്‍ നടന്ന 7 സ്‌ഫോടനങ്ങളിൽ മരിച്ചത് 2 പേർ .ഇതിന്‍റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആദ്യ രണ്ടു തവണയും ഇല്ലാത്ത മഅദനി മൂന്നാമത്തെ കുറ്റപത്രത്തിൽ ഇടം പിടിക്കുന്നത്എവിടെയോ നടന്ന ഒരു വൻ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ന്യായമായും വിശ്വസിക്കാവുന്ന ഒരുപാടു തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. തട്ടിക്കൂട്ടിയ സാക്ഷികൾ തന്നെ ഒന്നാമത്തെതെളിവ്. 24 മണിക്കൂർ പോലീസ്‌കാവലിലുള്ള ആൾ കുടകിൽ പോയി ക്യാമ്പു നടത്തി എന്ന പൊലീസ് ഭാഷ്യം അതേപോലെ വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ടെന്നത് മാധ്യമങ്ങളുടെ സ്വാധീനമാണു തെളിയിക്കുന്നത്. മഅദനിക്കെതിരിലുള്ള സാക്ഷിപ്പട്ടികയിൽ പേരുണ്ടെന്നുള്ളവിവരം അറിയാതെകഴിയുന്ന യോഗാനന്ദ, മഅദനിക്കെതിരെ മൊഴികൊടുക്കാൻ ക്രൂരമായ പീഡനം ഏല്‌ക്കേണ്ടിവന്ന റഫീക്ക് എന്ന ചെറുപ്പകാരൻ, കടുത്ത കാന്‍സർ ബാധിതനായി കോമയിൽ ആശൂപത്രിയിൽ കഴിയുന്ന സമയതു ബാംഗ്‌ളൂരിലെത്തി മൊഴിനൽകിയെന്നു പറയപ്പെടുന്ന മജീദ്, തന്നെ കബളിപ്പിച്ചു മൊഴി രേഖപ്പെടുതിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമസ്ഥന്‍ ജോസ് വർഗീസ്സ്, ഇതുവരെയും ഒരു പോലീസുകാരനോ, കോടതിയോ മൊഴിരേഖപ്പെടുത്തിയിട്ടില്ലാത്ത മഅദനിയുടെ സഹോദരൻ, ഇവരൊക്കെയാണു ഈ കേസിലെ പ്രധാന സാക്ഷികൾ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലെ കറുത്ത ഹാസ്യമാകുന്നുണ്ട്!

കുറ്റവിചാരണയുടെ 'കാഫ്‌കേയിയൻ സിദ്ധാന്തം ' രൂപപ്പെടുത്തിയ ഫ്രാൻസ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial​. ഇതിലെ നായകൻ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്‍റെ ഗൂഡാലോചനയുടെയും അടിച്ചമർത്തലിന്‍റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യൻ .ഒരു സുപ്രഭാതത്തിൽ അജ്ഞാതരായ അധികാരികൾ അകാരണമായി അയാളെ തടവിലാക്കുന്നു , .അയാൾ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാൾ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു , അജ്ഞാതമായ അധികാരികൾ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവിൽ ആത്മഹത്യ ചെയ്യാൻ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികൾ കൊലപ്പെടുത്തുന്നു , അവസാന ശ്വാസത്തിൽ അയാൾ തന്‍റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു  'ഒരു നായയെ പോലെ'.

അബ്ദു നാസർ മഅദനി എന്ന മനുഷ്യന്‍റെ ദുർവിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോൾ , ഒറ്റപ്പെടലിന്‍റെ പീഡനങ്ങളുടെ , ആത്മ സംഘർഷങ്ങളുടെയെല്ലാം പാരമ്യത്തിൽ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോൾ അബ്ദു നാസർ മഅദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാൾ ഭേദം തൂക്കിക്കൊല്ലുന്നതാണ് എന്ന് നമുക്കും തോന്നിപ്പോകുന്നു.

എന്തുകൊണ്ട് മഅദനി?!
മഅദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്‍റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്‍റെ പേരിൽ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരാളാണ് മഅദനി . മഅദനി വർഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങൾ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളിൽ ആ പ്രസംഗങ്ങൾ ഒരു വർഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ മുസ്ലിം യുവാക്കൾക്കിടയിൽ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്‍റെ മാറാലകളിൽ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവൻ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങൾ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്‍റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മഅദനി ചെയ്ത തെറ്റ് . കോയമ്പത്തൂർ സ്‌ഫോടന കേസിൽ നീണ്ട പത്തു വർഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മഅദനി . അയാൾ കുറ്റവാളിയായിരുന്നെങ്കിൽ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നുണ്ടായിരുന്നു .കോയമ്പത്തൂർ സ്‌ഫോടന കേസിൽ എന്ന പോലെ തന്നെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും വിചാരണ തടവിലൂടെ മഅദനിക്കു നീതി പീഠത്തിന്‍റെ മുന്നിൽ കുറ്റം തെളിയിക്കാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുകയാണ് കർണ്ണാടക പോലീസ് ചെയ്യുന്നത് .അന്വേഷണത്തിന്‍റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളിൽ തളക്കാമെന്ന സിദ്ധാന്തം!

മഅദനി ഒരു ഇൻഡ്യൻ പൌരൻ എന്ന നിലയിൽ സ്വതന്ത്രവും നീതിപ്പൂർവ്വവുമായ ഒരു വിചാരണ അർഹിക്കുന്നുണ്ട് . അത്തരമൊരു വിചാരണയിൽ മഅദനി കുറ്റക്കാരനാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ അതിലാർക്കും എതിർപ്പില്ല .മഅദനിയുടെ ജാമ്യാപേക്ഷ നിരസിക്കാൻ കോടതിക്കു മുമ്പിൽ പ്രൊസിക്യൂഷൻ സമർപ്പിച്ച ഒരു തെളിവ്  മഅദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആർപ്പു വിളികളുടെ വീഡിയോ ആയിരുന്നു .ഇത്തരത്തിൽ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കിൽ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത് . അതു കൊണ്ട് തന്നെ മഅദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്‌നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയിലാണ് ഉയർത്തിക്കൊണ്ടു വരേണ്ടത് . കുറെ 'മാപ്ലാര് ' സംഘം ചേർന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങൾ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്‍റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് .മറ്റൊരു സംസ്ഥാനത്തിന്‍റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തിൽ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്‍റ്  മഅദനിയുടെ കാര്യത്തിൽ നീതിപൂർവ്വകമായ ഒരു വിചാരണക്കു വേണ്ടി സർക്കാർ തലത്തിൽ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത് . . ഓരോരോ തിരഞ്ഞെടുപ്പിനും അമദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികർ ഇരു മുന്നണികളിലും ഉണ്ട് .അതിനു സാധിക്കുന്നില്ലെങ്കിൽ മഅദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മൾ തേടേണ്ടത് .കാഫ്‌കേയിയൻ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാൾ ന്യായമാണ് ആ വിധി. 

മഅദനിക്ക് ജാമ്യം നൽക്കുന്നതിന് തടസ്സമായി സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. മഅദനി ഐ.എസ്.എസ് എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത് അപകടമാണെന്നും കർണ്ണാടക സർക്കാരിന്‍റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ചീഫ് ജസ്റ്റീസായിരുന്ന മാർക്കണ്ഡേയ കട്ജു ചോദിച്ചത് ' നിരോധിത സംഘടനയിലെ അംഗം എന്നത് ഒരു കുറ്റമല്ല. കൂടാതെ  വീൽചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരാൾക്ക് ജാമ്യം നൽകുന്നതിൽ എന്ത് ഭീഷണിയാണുള്ളത്' എന്നാണ്. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കർണാടക സർക്കരിന്‍റെ വാദത്തെ അനുകൂലിച്ചത് കൊണ്ടാണ് മുൻപ് മഅദനിക്ക് ജാമ്യം അനുവദിക്കപ്പെടാതെ പോയത്.  

Image result for mahdani

പൂർണ്ണഗർഭിണിയായ കൌസർബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയർ കുത്തിപ്പിളർന്ന് ഭ്രൂണം പുറത്തെടുത്ത് ത്രിശൂലത്തിൽ ഉയർത്തി പിടിച്ച് 'ഹിന്ദു സംസ്‌കാരം' സംരഷിച്ചത് താനാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി  സ്വതന്ത്രനായി കഴിഞ്ഞിരുന്ന , നരോദ പാട്യാ കേസിലും, ഗുജറാത്ത് വംശഹത്യാ കേസിലുമടക്കം കഠിനശിക്ഷക്ക് വിധിക്കപ്പെട്ടവർ കപടകാരണങ്ങളുന്നയിച്ചു നികുതിപ്പണം കൊണ്ട് പരോളിൽ സ്വതന്ത്ര വിഹാരം നടത്തുന്ന കാലത്ത്, മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്‍റെ കണക്കു പുസ്തകത്തിൽ കൂട്ടിച്ചേർത്ത് ആ മതത്തെ ഭീകരതയുടെ പര്യായമാക്കുന്ന നരേന്ദ്ര മോഡിയുടെ ഇന്ത്യയിലേക്ക്, ഇതിനകം നിശ്ചയിക്കപ്പെട്ടതായേക്കാവുന്ന മൂന്നാമൂഴത്തിനായി അവസരസൃഷ്ട്ടിക്കു മഅദനിമാർ ജാമ്യത്തിൽ ഇളവുതേടി വരുമ്പോൾ ഇവിടെ കേരളത്തിലെ സംഘി ഈർക്കിലി നേതാക്കൾ വരെ പൌരന്‍റെ പണം കൊണ്ട് എസ്. പി .ജി സംരക്ഷണം തരപ്പെടുത്തിയിരിക്കുന്നു എന്നത് നമ്മുടെ വ്യവസ്ഥിതിയുടെ അത്രമേൽ ആസുരമായ കറുത്ത കാലത്തെയാണ് അടയാളപ്പെടുത്തുന്നത്..!

 

ആ ജഡ്ജിയുടെ മുഖത്ത് നോക്കി മഅ്ദനി പറഞ്ഞു; താങ്കൾ ഇതിന് കണക്ക് പറയേണ്ടി വരും..

Latest News