റിയാദ് - സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ സൗദിവൽക്കരണം 92.43 ശതമാനമായി ഉയർന്നതായി കമ്പനി അറിയിച്ചു. കമ്പനിയിൽ ആകെ 33,961 ജീവനക്കാരാണുള്ളത്. ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച സൗദി ഇലക്ട്രിസിറ്റി കമ്പനിയെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്വഫ്‌വ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തു. ഈ നേട്ടം കൈവരിച്ചതിൽ അനുമോദിക്കുന്നതിനും അൽസ്വഫ്‌വ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ കാര്യം അറിയിക്കുന്നതിനും സൗദിവൽക്കരണ മേഖലയിൽ കമ്പനി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുൽമജീദ് അൽറശൂദി സൗദി ഇലക്ട്രിസിറ്റി കമ്പനി സന്ദർശിച്ചു.
സൗദിയിലെ 13,200 ലേറെ നഗരങ്ങളിലും ഗ്രാമങ്ങളിലും സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും മികച്ച ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന യോഗ്യത കൈവരിച്ച സൗദി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും കമ്പനി ജീവനക്കാരുടെ കൂട്ടത്തിലുണ്ട്. ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിക്കുന്ന വൻകിട കമ്പനികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങളിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുന്ന സേവനമാണ് അൽസ്വഫ്‌വ പ്രോഗ്രാം.