Sorry, you need to enable JavaScript to visit this website.

ഹർത്താൽ ജനാധിപത്യപരമാകണം 

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രധാനമായും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ശക്തമായ സമരം നടക്കുന്നത്. അതുപക്ഷേ മുസ്‌ലിം വിഭാഗങ്ങളെ ഒഴിവാക്കുന്നതിനെതിരെയല്ല. ഗോത്രവിഭാഗങ്ങളുടെ തനിമയും സംസ്‌കാരവും സംരക്ഷിക്കുന്നതിനാണ്. അതേസമയം അതിശക്തമായ പോരാട്ടം നടക്കുന്ന ഒരു സംസ്ഥാനം ബംഗാളാണ്. തുടർന്ന് ശക്തമായ പ്രതിഷേധം നടക്കുന്നത് തമിഴ്‌നാട്ടിലും കേരളത്തിലുമാണ്. ബംഗാളും പഞ്ചാബും കേരളവും മറ്റും നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ വിശാലമായ ഹിന്ദി ബെൽറ്റിലോ കാര്യമായ ചലനങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. 
അതേസമയം സംഘപരിവാർ ശക്തികളൊഴികെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിൽ കടുത്ത ഭിന്നതയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത്. ഏതാനും മുസ്‌ലിം - ദളിത് - മനുഷ്യാവകാശ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലാണ് ഭിന്നതക്ക് കാരണമായിരിക്കുന്നത്. ഹർത്താലിനെതിരെ വൻ പ്രചാരണമാണ് നടക്കുന്നത്. രണ്ടു തരത്തിലാണ് പ്രധാനമായും എതിർപ്പുകൾ ഉയരുന്നത്. 


കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് സർക്കാർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്. ഇരുകൂട്ടരും ഐക്യപ്പെട്ട് പ്രക്ഷോഭങ്ങൾക്ക് തയാറായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഈ ഹർത്താലിന് എന്താണ് സാംഗത്യമെന്നതാണ് ഒരു ചോദ്യം.  സംഘപരിവാർ ശക്തികളൊഴികെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന കേരള ജനതക്കുള്ളിൽ വിള്ളലുണ്ടാക്കാനേ അതു സഹായിക്കൂ എന്നാണ് ഈ വിഷയമുന്നയിക്കുന്നവരുടെ പ്രധാന വിമർശനം. അതിൽ കാമ്പുണ്ടെന്നു തോന്നാമെങ്കിലും ഈ മുസ്‌ലിം - ദിളിത് സംഘടനകളെ തുല്യതയോടെ അംഗീകരിക്കാനും കൂട്ടായ സമരങ്ങളിൽ പങ്കാളികളാക്കാനും മുഖ്യധാരാ പ്രസ്ഥാനങ്ങൾ തയാറാണോ എന്നതാണ് ചോദ്യം. ഏതൊരു ഭീകര നിയമത്തിനും നേരിട്ട് ഇരകളാകുന്ന വിഭാഗങ്ങളുടെ സമരത്തിനു രൂക്ഷത കൂടുന്നത് സ്വാഭാവികം. ഹർത്താലെന്നത് അപൂർവ സമര രൂപമൊന്നുമല്ലല്ലോ. കക്ഷിരാഷ്ട്രീയ കൊലപാതകങ്ങൾക്കു പോലും ഹർത്താൽ പ്രഖ്യാപിക്കുന്നവരാണ് ഈ ഹർത്താലിനെ എതിർക്കുന്നത്. നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഈ ഹർത്താലിനോട് ഐക്യപ്പെടാനല്ലേ മുഖ്യധാരക്കാർ തയാറാകേണ്ടത്? 


മറ്റൊരു വിഭാഗത്തിന്റെ ആരോപണം കാലങ്ങളായി ആവർത്തിക്കുന്നതു തന്നെ. ഭൂരിപക്ഷ വർഗീയതയുടെ ഇത്രയും ഭയാനകമായ സാഹചര്യത്തിലും ഇരുകൂട്ടരും ഒരുപോലെയാണെന്ന് ആരോപിക്കുക. അവർ സമരം ചെയ്യേണ്ടതില്ല, പകരം തങ്ങൾ ചെയ്തുകൊള്ളാം എന്ന രക്ഷാകർതൃ മനോഭാവമാണ് ഇവരെ നയിക്കുന്നത്. 
ഹർത്താലിനെതിരെയുള്ള മറ്റൊരു പ്രചാരണം അത് അക്രമാസക്തമാകുമെന്നതാണ്. ഹർത്താലിന്റെയും ബന്ദിന്റെയും പേരിലും അല്ലാതെയും കേരളത്തിൽ ഏറ്റവുമധികം അക്രമങ്ങളും കൊലകളും നടത്തുന്നവരും അതിനെ പിന്തുണക്കുന്നവരുമാണ് ഈ ആരോപണം പ്രധാനമായും ഉന്നയിക്കുന്നത്. അവരെ തള്ളിക്കളയാമെങ്കിലും ഹർത്താൽ അക്രമരഹിതമാകണമെന്നതിൽ സംശയമില്ല. ജനാധിപത്യപരമായ ആവശ്യങ്ങൾക്കായുള്ള ഹർത്താൽ ജനാധിപത്യപരമാകണം. ആരേയും ബലമായി ഹർത്താലിൽ പങ്കാളികളാക്കരുത്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ഉയർന്ന സമര രൂപമാണ് ഹർത്താൽ. അതിൽ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും തുല്യ അവകാശമുണ്ട്. ഹർത്താൽ പരാജയപ്പെട്ടാൽ തന്നെ നാണക്കേടിന്റെ പ്രശ്‌നമൊന്നുമില്ല.

 

ഭരണഘടന സംരക്ഷിക്കാനുള്ള ഈ ഹർത്താൽ പരാജയപ്പെട്ടാൽ അതു മലയാളികളുടെ രാഷ്ട്രീയമായ പിന്നോക്കാവസ്ഥ മാത്രമായേ കാണേണ്ടതുള്ളൂ. അതിനാൽ തന്നെ ഹർത്താൽ വിജയിപ്പിക്കാനായി ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയും ഉണ്ടാകരുത്. ഹർത്താലിനു ആഹ്വാനം ചെയ്തവർ തന്നെ അക്രമം നടത്തണമെന്നില്ല. ഏതു സാമൂഹ്യ വിരുദ്ധ ശക്തികളും അതു ചെയ്യാം. ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർ തന്നെ അതു ചെയ്ത് ഹർത്താലനുകൂലികളുടെ തലയിൽ കെട്ടിവെക്കാം. ഈ സാധ്യത കൂടി നിലവിലുണ്ട് എന്നതു തിരിച്ചറിയണം. അതിനാൽ അക്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകാൻ ഹർത്താലിനു നേതൃത്വം നൽകുന്നവർ തയാറാകണം.  കേരളത്തിനു അപരിചിതമായ, ജനാധിപത്യ ഹർത്താലിന്റെ ഒരു തുടക്കമായിരിക്കണം നാളത്തേത്. 

Latest News