തിരുവനന്തപുരം- പൗരത്വ നിയമത്തിനെതിരെ കേരളത്തിൽ ബി.ജെ.പി ഒഴികെയുള്ള കക്ഷികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന് പതിനായിരങ്ങൾ. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക-മത മണ്ഡലങ്ങളിലെ പ്രമുഖർ പങ്കാളികളാകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മുഴുവൻ മതവിശ്വാസികൾക്കും ജീവിക്കാനും അവരുടെ വിശ്വാസം ആചരിക്കാനും അനുവാദവും അംഗീകാരവുമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭരണഘടനയെ തകർക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാനാകില്ല. മതാധിഷ്ഠിത രാഷ്ട്രമാകാൻ പാടില്ലെന്ന കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമം വഴി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരാണ് ഇന്ത്യൻ പൗരൻ എന്ന് സ്വീകരിക്കുന്നത് അമിത് ഷാ ആണോ. അവകാശങ്ങൾ ആരുടേയും കാൽക്കൽവെക്കാൻ ഞങ്ങൾ ഒരുക്കമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.