തിരുവനന്തപുരം- ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കേരളം മുഴുക്കെ പ്രതിഷേധം. കോഴിക്കോട്, പാലക്കാട്, കാസർക്കോട്, തിരുവനന്തപുരം, കരിപ്പൂർ എയർപോർട്ട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. മതേതരത്വം തകർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് വൈകിട്ട് മുതൽ തന്നെ പ്രതിഷേധം അരങ്ങേറി. മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധം നടത്തി. ഡി.വൈ.എഫ്.ഐ, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകൾ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി.
ഇന്ത്യയിൽ വിദ്യാർഥികളെ തല്ലിച്ചതക്കുമ്പോൾ കിടങ്ങുറങ്ങാൻ സൗകര്യമില്ലെന്ന് പാലക്കാട് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. നമ്മുടെ കുട്ടികൾ നടത്തിയ സമരത്തെ ചോരയിൽ മുക്കികൊല്ലാമെന്ന് വിചാരിക്കാമെന്ന് അമിത് ഷായും കൂട്ടരും ശ്രമിക്കുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പൗരത്വബിൽ അവസാനിപ്പിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകും. പോലീസിന്റെ തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കുകയാണ് അമിത് ഷാ. നാട്ടുകാർ അധികാരം ഏൽപ്പിച്ചത് ജനങ്ങളെ വിഭജിക്കാനല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ മാത്രമേ ബി.ജെ.പിക്ക് കഴിയൂവെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയാണ്. നേരത്തെ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. കരിപ്പൂർ വിമാനതാവളത്തിലേക്കുള്ള പ്രധാനവഴി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തി.