തിരുവനന്തപുരം- അയോധ്യ സുപ്രീം കോടതി വിധിയെ അപമാനിക്കാന്‍ ശ്രമിച്ച സി.പി.എം എം.എല്‍.എ എം. സ്വരാജിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ സര്‍ക്കാറിന്റെ മറുപടി ആരാഞ്ഞു.
ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട സ്വരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന പരാതിയിന്മേല്‍ മറുപടി നല്‍കാനാണ് സര്‍ക്കാറിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തെ പരമോന്നത നീതിപീഠത്തെയും ചരിത്രപ്രധാനമായ അതിന്റെ ഐകകണ്‌ഠ്യേനയുള്ള വിധിയെയും മുഴുവന്‍ രാഷ്ട്രത്തെ തന്നെയും അവഹേളിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയ എം. സ്വരാജിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാറാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതി പ്രാധാന്യത്തോടെ പരിഗണിച്ച് മറുപടി നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. ഡെപ്യൂട്ടി സെക്രട്ടറിക്കാണ് ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറി രേഖാമൂലം നിര്‍ദേശം നല്‍കിയത്.
'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ' എന്നായിരുന്നു അയോധ്യാ വിധിക്ക് പിന്നാലെയുള്ള എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പല തവണ ആവര്‍ത്തിച്ചിരുന്നു. ഇത് മറികടന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്.