റിയാദ്- രാജ്യത്തുടനീളം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനി മൂന്ന് കമ്പനികളുമായി കരാറിലൊപ്പുവെച്ചു. രണ്ട് ദേശീയ കമ്പനികളും ഒരു ചൈനീസ് കമ്പനിയുമാണ് പദ്ധതി നടപ്പാക്കാൻ കരാറിലൊപ്പുവെച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതലാണ് ഈ മീറ്ററുകൾ സ്ഥാപിച്ചുതുടങ്ങുക.
രാജ്യത്തെ 10 മില്യൺ ഉപയോക്താക്കൾക്ക് 9.56 ബില്യൺ റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി 2023 മാർച്ച് 30 ഓടെ അവസാനിക്കും. മൊബൈലി ടെലികമ്യൂണിക്കേഷൻ കമ്പനി, അൽഫനാർ, ചൈന ഇലക്ട്രിക് പവർ എന്നീ കമ്പനികൾക്കാണ് മീറ്റർ മാറ്റി സ്ഥാപിക്കുന്നതിന് കരാർ നൽകിയിരിക്കുന്നത്. ഇതിൽ തെക്ക്, പടിഞ്ഞാർ പ്രവിശ്യകളിൽ ചൈന പവറും മധ്യ, കിഴക്ക് പ്രവിശ്യകളിൽ അൽഫനാറും മൊബൈലിയുമായിരിക്കും. സൗദിയിലെ കമ്പനികളിൽ നിർമിച്ച മീറ്ററുകളാണ് സ്ഥാപിക്കുന്നത്. നിലവിലുള്ള എല്ലാ മീറ്ററുകൾ മാറ്റിയാണ് പുതിയ മീറ്ററുകൾ സ്ഥാപിക്കുക. റീഡിംഗും മറ്റും ഒരു കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ളവയാണ് പുതിയ സ്മാർട്ട് മീറ്ററുകൾ.