റിയാദ്- വിപണിയിൽ എത്തിയ പുതിയ സിഗരറ്റുകളുടെ പരിശോധനാ ഫലം ചൊവ്വാഴ്ച ലഭ്യമാക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വക്താവ് ഇദ്‌രീസ് അൽ ഇദ്‌രീസ് അറിയിച്ചു. പഴയ സിഗരറ്റ് പ്രദേശിക വിപണിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന വാർത്ത ശരിയല്ലെന്നും അതോറിറ്റി ഇത്തരം അറിയിപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സിഗരറ്റുകളിലടങ്ങിയ വസ്തുക്കളും നിർമാണ, പാക്കിംഗ് രാജ്യങ്ങളുടെ പേരും രേഖപ്പെടുത്തണമെന്ന് എല്ലാ സിഗരറ്റ് കമ്പനികൾക്കും വാണിജ്യ മന്ത്രാലയവും ഫുഡ് അതോറിറ്റിയും നിർദേശം നൽകിയിരുന്നു. വിപണിയിലിറങ്ങിയ പുതിയ സിഗരറ്റുകളിലടങ്ങിയ വസ്തുക്കളെ കുറിച്ച് വ്യാപക പരാതികളുയർന്ന സാഹചര്യത്തിൽ സിഗരറ്റ് കമ്പനി, വിതരണ ഏജൻസി പ്രതിനിധികളെ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തുകയും പുതിയ പാക്കിംഗ് നിയമം നടപ്പാക്കിയ ശേഷം ഉൽപന്നങ്ങളിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.
എന്നാൽ പുതിയ നിബന്ധനകൾ പ്രകാരമുളള പാക്കിംഗ് ഏർപ്പെടുത്തുകയല്ലാതെ മറ്റൊരു മാറ്റവും ഉൽപന്നങ്ങളിലില്ലെന്ന് പ്രതിനിധികൾ അറിയിച്ചു. എന്നാൽ അവരുടെ വിശദീകരണം മന്ത്രാലയത്തിന് തൃപ്തിയായില്ല. തുടർന്ന് പാക്കിംഗിന് മുമ്പും ശേഷവും സിഗരറ്റിലെ ഘടകങ്ങളെ കുറിച്ച് വിവരം ശേഖരിച്ചതോടൊപ്പം ഏഴ് ഇനം സിഗരറ്റുകളുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലമാണ് പുറത്തുവരാനിരിക്കുന്നത്. പുതിയ പാക്കുകളിലെ സിഗരറ്റുകളുടെ രുചിയിൽ മാറ്റമുണ്ടെന്നും ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപക പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു.