Sorry, you need to enable JavaScript to visit this website.

സൗദിയിലെ അൽഹസയിൽ കൊയ്ത്തുൽസവം; ഈ വർഷം മികച്ച വിളവെടുപ്പ്

കൊയ്‌തെടുത്ത നെല്ല് ചാക്കിലാക്കുന്ന കർഷകർ

റിയാദ്- വടക്കൻ അൽഹസയിലെ അൽഖരീനിലെയും സമീപ പ്രദേശങ്ങളിലെയും പാടങ്ങളിൽ കൊയ്തുത്സവത്തിന് തുടക്കമായി. ലോകത്തെ ഏറ്റവും വില കൂടിയ അരി എന്ന് വിശേഷിപ്പിക്കുന്ന റുസ്സ് ഹസാവി അൽഅഹ്മർ എന്ന അരിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ജല ലഭ്യതയുടെ അഭാവമുണ്ടായിട്ടും നല്ല വിളവെടുപ്പാണ് ഈ വർഷമുണ്ടായതെന്ന് കർഷകർ പറഞ്ഞു.


ആറോ ഏഴോ മാസത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇവിടെ നെൽകൃഷി നടത്തുന്നതെന്ന് കർഷകനായ സാലിഹ് അൽഅസ്‌റി പറഞ്ഞു. വിത്തൊരുക്കുന്നത് മുതൽ കൊയ്ത്ത് വരെ കർഷകർ വയലിൽ നെല്ലിന് നല്ല ശുശ്രൂഷയാണ് നൽകാറുള്ളത്. നിലമൊരുക്കലും നടീലുമടക്കമുള്ള പ്രാരംഭ ജോലികൾക്ക് 45 ദിവസം വേണ്ടിവരും. ശേഷം വെള്ളം കെട്ടിനിർത്തും. നെൽകൃഷിക്കേൽക്കുന്ന രോഗങ്ങൾക്കെതിരെയുള്ള മരുന്ന് തെളിക്കലും കള പറിക്കലുമായി ആറു മാസത്തെ പരിചരണമാണ് ആവശ്യമായി വരിക.


കൊയ്ത്ത് പൂർത്തിയാവുന്നതോടെ നെല്ല് വേർതിരിക്കുകയും പായകളിൽ വെയിലത്ത് ഉണക്കുകയും ചെയ്യും. യന്ത്ര സഹായത്തോടെ പതിരുകൾ ഒഴിവാക്കി പ്രത്യേക ചാക്കുകളിൽ മാസങ്ങളോളം കെട്ടിവെക്കും. ചുവപ്പ് നിറം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ കെട്ടിവെക്കുന്നത്. മുൻവർഷങ്ങളേക്കാൾ ഈ വർഷം വരൾച്ചയും തണ്ട് ചീയലും കൃഷിയെ ബാധിച്ചുവെന്ന് കർഷകരായ അലി അൽഅബൂദ്, മുസ്തഫ നാസർ എന്നിവർ പറഞ്ഞു.


നല്ല രുചിയുള്ള അരിയായതിനാൽ അൽഹസക്കകത്തും പുറത്തും ഈ അരി ഉപയോഗിക്കുന്നുണ്ട്. പാകം ചെയ്യാൻ ഏറെ സമയമെടുക്കുമെന്നതാണ് പ്രത്യേകത. സ്ത്രീകൾക്ക് പ്രസവ ശേഷം ഈ അരിയുപയോഗിച്ചുള്ള ചോറ് നല്ലതാണെന്നാണ് നാട്ടുകാർ പറയുന്നത്. കിലോക്ക് 25 റിയാലാണ് അൽഹസക്കാരുടെ സ്വന്തം അരിയുടെ വില.

Latest News