റിയാദ്- വിവാഹ കരാറുകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവുമായി സൗദി നീതിന്യായ മന്ത്രാലയം. വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ആദ്യഘട്ടം റിയാദിൽ നടപ്പിലാക്കും.
ഭാര്യയുടെയും ഭർത്താവിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ പദ്ധതി പ്രകാരം ആർക്കും എവിടെ വെച്ചും കോടതികൾ കയറിയിറങ്ങാതെ വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണ്. നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് വേേു:െ//ല്വമംമഷ.മെ എന്ന പേജിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. ഏറ്റവും അടുത്ത കോടതിയെ തെരഞ്ഞെടുത്ത ശേഷം സമയം നിശ്ചയിക്കണം. നിബന്ധനകൾ വല്ലതുമുണ്ടെങ്കിൽ അതും ചേർക്കണം. ശേഷം കോടതിയിലെ ബന്ധപ്പെട്ടയാൾക്ക് അപേക്ഷകന്റെ പേരും മൊബൈൽ നമ്പറും തീയതിയും സംബന്ധിച്ച വിവരമെത്തും. ഇതോടെ കോടതി ഉദ്യോഗസ്ഥൻ അപേക്ഷകരെ സമീപിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും ഒപ്പും രക്ഷിതാവിന്റെ വിരലടയാളവും സാക്ഷികളുടെ ഒപ്പും ശേഖരിക്കും.
നിലവിലെ സംവിധാനങ്ങൾ തുടരുന്നതോടൊപ്പം ഓൺലൈൻ രജിസ്‌ട്രേഷനും പരീക്ഷണ ഘട്ടമെന്ന നിലയിൽ റിയാദിൽ നടക്കുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. വിവാഹ വിവരങ്ങൾ സമ്പൂർണമായി ഓൺലൈൻവത്കരിക്കുന്നതിന് ഇലക്ട്രോണിക് വിവാഹക്കരാർ സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഡോ. വലീദ് അൽസംആൻ ആവശ്യപ്പെട്ടു.