അടിമാലി- വീട്ടില്‍ ടെലിവിഷനിലെ ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ അമ്മിക്കല്ലിനുള്ള അനുജന്റെ അടിയേറ്റ് 26കാരനായ യുവാവിന് ദാരുണാന്ത്യം. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടത്ത് വാടകയ്ക്കു താമസിക്കുന്ന വെള്ളാസയില്‍ ജോസഫ് ലുദിയ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ ജോസഫ് (26) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇളയ സഹോദരന്‍ ജോഷ്വായുടെ അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരു വൃക്കകളും തകരാറിലായ പിതാവ് ജോസഫിനെയും കൊണ്ട് മൂത്ത സഹോദരന്‍ സാമുവലും മാതാവ് ലൂദിയയും ചേര്‍ന്ന് കോലഞ്ചേരി ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിന് പോയ സമയത്താണ് സംഭവം.
മരിച്ച ജോസഫ് ഡ്രൈവിങ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അനുജന്‍ ജോഷ്വാ ടി.വി കാണുകയായിരുന്നു. ഇതിനിടെ ടി.വിയുടെ ചാനല്‍ മാറ്റിയതിനെ ചൊല്ലി ഇരുവരും വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനിടെ പെട്ടെന്നുള്ള ദേഷ്യത്തില്‍ ജോഷ്വാ അമ്മിക്കല്ലടുത്ത് ജേഷ്ഠന്റെ തലയ്ക്കടിച്ചു.
തലയുടെ പിന്നിലാണ് മുറിവേറ്റത്. സഹോദരന്‍ നിലത്തു വീണതോടെ ജോഷ്വ സമീപത്തെ വീട്ടിലെത്തി വിവരം പറയുകയും ആശുപത്രിയിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉടനെ നാട്ടുകാരും ജോഷ്വായും ചേര്‍ന്ന് ജോസഫിനെ അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ധ ചികില്‍സക്കായി കോതമംഗലം ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. അടിമാലി പഴമ്പിള്ളിച്ചാല്‍ സ്വദേശികളായ ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കമ്പിളികണ്ടത്തേയ്ക്ക് താമസം മാറ്റിയത്.
മരിച്ച ജോസഫ് അവിവാഹിതനാണ്. ജോഷ്വ ബിരുദപഠനം കഴിഞ്ഞു നില്‍ക്കുകയായിരുന്നു. പോള്‍ മറ്റൊരു സഹോദരനാണ്.