കോട്ടയം- കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നതിനിടെ യുഡിഎഫിൽ പുതിയ ആവശ്യവും സമ്മർദ തന്ത്രവുമായി ജോസ് കെ. മാണി വിഭാഗം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു. ജോസഫ് വിളിച്ച സംസ്ഥാന കമ്മിറ്റിക്ക് മറുപടിയായി കോട്ടയത്ത് ജോസ് പക്ഷം വിളിച്ച യോഗത്തിലാണ് യുഡിഎഫിനെ ലക്ഷ്യം വെച്ചുള്ള ജോസ് കെ. മാണിയുടെ മുന്നറിയിപ്പ്.
അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് ലഭിക്കുകയും 29 പേരെ ജോസഫ് സസ്‌പെൻഡ് ചെയ്തത് കോടതി ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിലപാട്. യുഡിഎഫിനെ അനുകൂലമാക്കി നിർത്തുക മാത്രമാണ് ജോസ് കെ.മാണിക്കു മുന്നിലുള്ള ഏക പോംവഴി. ഔദ്യോഗികമായി പി.ജെ. ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചതിന് സമാന്തരമായി ജോസ് കെ. മാണി പക്ഷവും കോട്ടയത്ത് യോഗം ചേരുകയായിരുന്നു. കേരളാ കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് ജോസ് കെ. മാണി അറിയിച്ചു. ഇത് യുഡിഎഫിനെ വരുതിയിലാക്കാനുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ജോസ് കെ. മാണി അറിയിച്ചു.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച സീറ്റുകൾ വിട്ടുനൽകില്ലെന്നും തങ്ങൾതന്നെ മത്സരിക്കുമെന്നും ജോസ് കെ.മാണി അറിയിച്ചു . ധാരണയനുസരിച്ചാണ് അന്ന് മത്സരിച്ചത്. ആർക്കുംവിട്ടുകൊടുക്കില്ല. വിട്ടുവീഴ്ചയുണ്ടാകില്ല -അദ്ദേഹം പറഞ്ഞു. ഭാഗ്യാന്വേഷികൾ പലയിടത്തേക്കും മാറുന്നുണ്ട്. ഞങ്ങളുടെ സീറ്റ് ആരും മോഹിക്കേണ്ടതില്ല. മുൻധാരണകൾ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ്(എം)ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി.
പി.ജെ. ജോസഫ് പാലായിലെ സ്ഥാനാർഥിക്ക് ചിഹ്നം നൽകാതെ യു.ഡി.എഫിനെയാണ് വഞ്ചിച്ചത്.
കേസുകൾ വരും, പോകും. തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും ജോസ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ഏതാണ് യഥാർത്ഥ പാർട്ടി, ചിഹ്നം ആർക്ക് എന്നീ കാര്യങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് അന്തിമതീരുമാനം. പാർട്ടി കമ്മിറ്റികളിൽ തങ്ങൾക്കാണ് ഭൂരിപക്ഷം. ഇതിെനാപ്പം എം.പിമാർ, എം.എൽ.എമാർ എന്നിവരുടെയൊക്കെ എണ്ണം നോക്കിയാണ് തീരുമാനം വരുന്നത്. ഞങ്ങൾക്ക് ആശങ്കയില്ല. രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ജെ.ജോസഫിന് നൽകിയ കത്തിൽ ഇതിൻെറയെല്ലാം പകർപ്പ് ജോസ് കെ. മാണിക്ക് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യക്കും മറുപടി പറയാനില്ല. അത്തരമൊരു സംസ്‌ക്കാരമല്ല കെ.എം. മാണി പകർന്നുതന്നിട്ടുള്ളത്. പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകളിൽ സംശയമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.അച്ചടക്ക നടപടിയെന്ന് പറഞ്ഞ് ജോസഫ് പേടിപ്പിക്കേണ്ട. കേസ് തോറ്റെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ജോസഫ് വിഭാഗം.
അടച്ചിട്ട മുറിയിൽ യോഗം വിളിച്ച് സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി യോഗം ചേർന്നെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ഞങ്ങളുടെ യോഗങ്ങളെല്ലാം പരസ്യമായിട്ടാണ്. മാധ്യമങ്ങൾ ലൈവായി ഇത് സംപ്രേഷണം ചെയ്യുകയാണ്.
കേരള കോൺഗ്രസിനെ വെല്ലുവിളിക്കാൻ ആർക്കും കഴിയില്ല. ഏറെ നാളായി ചെയർമാൻ സ്ഥാനത്തിന്റെ പേരിൽ തർക്കം നിലനിൽക്കുന്ന ചങ്ങനാശേരി നഗരസഭയിൽനിന്നും നിലവിലെ ജോസ് വിഭാഗം ചെയർമാൻ ഈ മാസം തന്നെ രാജി വയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. സാജൻ ഫ്രാൻസിസിനെ ചെയർമാനാക്കണം എന്നാണ് ജോസഫിന്റെ ആവശ്യം.
അതിനിടെ ചങ്ങനാശേരി നഗരസഭാ അധ്യക്ഷനെ നീക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർമാർ ഡിസിസി പ്രസിഡന്റിനു കത്ത് നൽകി.
കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിൽ നിന്നുള്ള നിലവിലെ നഗരസഭ അധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിലിനെതിരെ അവിശ്വാസം ആവശ്യപ്പെട്ട് ജോസഫ് വിഭാഗത്തിലെ ആറു കൗൺസിലർമാരാണ് കത്ത് നൽകിയിരിക്കുന്നത്.