Sorry, you need to enable JavaScript to visit this website.

സർക്കാർ ജോലി രാജിവെച്ച് സൗദി യുവാവ് ബാർബറായി ജോലി ചെയ്യുന്നു

ബുറൈദയിൽ സ്വന്തം സലൂൺ തുറന്ന് ബാർബറായി ജോലി ചെയ്യുന്ന സൗദി യുവാവ് ഫൈസൽ അൽബതി

ബുറൈദ - തന്നെ പോലെയുള്ള ആയിരങ്ങൾ ലഭിക്കാൻ കൊതിക്കുന്ന സർക്കാർ ജോലി രാജിവെച്ച് ബാർബറായി ജോലി ചെയ്യുന്ന സൗദി യുവാവ് ഫൈസൽ അൽബതി സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. മാന്യമായ നിലയിൽ സമ്പാദിക്കുന്നതിനായി ഏർപ്പെടുന്ന ഒരു ജോലിയും നാണക്കേടോ മോശമോ അല്ല എന്ന സന്ദേശമാണ് താഴെക്കിടയിലുള്ള ജോലികൾ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന സ്വദേശികൾ അടക്കമുള്ളവർക്ക് ഫൈസൽ നൽകുന്നത്. ബുറൈദയിൽ സ്വന്തമായി സലൂൺ തുറന്നാണ് യുവാവ് ജോലി ചെയ്യുന്നത്. 


സ്വന്തമായി ബിസിനസും ജോലിയും ചെയ്യുന്നതിനാണ് ഫൈസൽ അൽബതി സർക്കാർ ജോലി രാജിവെച്ചത്. സമൂഹം വില കുറച്ചുകാണുന്ന ബാർബർ ജോലി ഉപേക്ഷിക്കുന്നതിന് നിരവധി പേർ ഫൈസലിനെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോഴും ഈ ജോലിയിൽ തുടരുന്നതിൽ നിന്ന് നിരവധി പേർ ഫൈസലിനെ നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ ഇതെല്ലാം യുവാവ് അവഗണിക്കുകയാണ്. വിദേശികളുടെ സമ്പൂർണ കുത്തകയുള്ള ഈ മേഖലയിൽ തൊഴിൽ പരിശീലനം ആഗ്രഹിക്കുന്ന സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനും യുവാവ് സമയം നീക്കിവെച്ചിട്ടുണ്ട്. വളരെ തുഛമായ മൂലധനം മുടക്കിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്നതും ഈ മേഖലയിൽ സൗദികളുടെ എണ്ണക്കുറവുമാണ് ബാർബർ ജോലി താൻ സ്വയം തെരഞ്ഞെടുക്കാൻ കാരണമെന്ന് ഫൈസൽ അൽബതി പറയുന്നു. 


സർക്കാർ ജോലി ലഭിച്ച് രണ്ടു വർഷത്തിലേറെ കാലം സർവീസിൽ തുടർന്ന ശേഷമാണ് സ്വന്തം ബിസിനസ് ചെയ്യുന്നതിന് ജോലി രാജിവെച്ചത്. വെൽഡിംഗ് വർക്ക് ഷോപ്പ്, അലക്കുകട, പച്ചക്കറി വ്യാപാരം എന്നീ മേഖലകളിൽ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് അവസാനം സ്വന്തം നിലയിൽ സലൂൺ ആരംഭിച്ചത്. ഇതിനു മുമ്പായി മറ്റൊരു ബാർബർക്കു കീഴിൽ മൂന്നു മാസം പരിശീലനം നേടി. സൗദികൾക്ക് ചേർന്ന തൊഴിലല്ല എന്ന് പറഞ്ഞ് ഏതാനും ബാർബർമാർ തന്നെ പരിശീലിപ്പിക്കുന്നതിന് വിസമ്മതിച്ചു. അവസാനം പരിശീലനം നൽകുന്നതിന് ഒരു ബാർബർ സമ്മതിക്കുകയായിരുന്നു. ഇപ്പോൾ തനിക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും ഈ ജോലിയിൽ താൻ പൂർണ സംതൃപ്തനാണെന്നും ഫൈസൽ അൽബതി പറഞ്ഞു. 

Latest News