മക്ക - ലോകത്ത് വിദേശ സന്ദർശകർക്ക് ഏറ്റവും പ്രിയങ്കരമായ നഗരങ്ങളിൽ മക്കയും മദീനയും. ലോകത്ത് വിനോദ സഞ്ചാര വിപണികളെ കുറിച്ച് പഠനങ്ങളും അവലോകനങ്ങളും നടത്തുന്ന യൂറോമോണിറ്റർ ഇന്റർനാഷണൽ തയാറാക്കിയ ഈ വർഷത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര നഗങ്ങളുടെ കൂട്ടത്തിലാണ് മക്കയും മദീനയും ഇടം പിടിച്ചത്.
വിദേശികളായ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ 400 ലേറെ നഗരങ്ങളുടെ കൂട്ടത്തിൽ നിന്ന് ടൂറിസ്റ്റുകൾ സന്ദർശിക്കുന്നതിന് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന 100 രാജ്യങ്ങളുടെ പട്ടികയിലാണ് മക്കയും മദീനയും മുൻനിര സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോള തലത്തിൽ ഇരുപതാം സ്ഥാനത്തുമാണ് മക്ക. ഒരു വർഷത്തിനിടെ 98.3 ലക്ഷം വിദേശികൾ മക്ക സന്ദർശിച്ചതായാണ് കണക്ക്.
യൂറോമോണിറ്റർ ഇന്റർനാഷണൽ പട്ടികയിൽ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോള തലത്തിൽ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ് മദീന. പ്രവാചക നഗരിയിൽ ഈ വർഷം 88 ലക്ഷം സന്ദർശകർ എത്തിയതായാണ് കണക്ക്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഹോങ്കോംഗ് ആണ്. ഈ വർഷം 2.67 കോടി വിദേശികൾ ഹോങ്കോംഗ് സന്ദർശിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബാങ്കോക്ക് 2.58 കോടി പേരും മൂന്നാം സ്ഥാനത്തുള്ള ലണ്ടൻ 1.95 കോടി പേരും നാലാം സ്ഥാനത്തുള്ള മക്കാവു രണ്ടു കോടി പേരും അഞ്ചാം സ്ഥാനത്തുള്ള സിങ്കപ്പൂർ 1.97 കോടി പേരും ആറാം സ്ഥാനത്തുള്ള പാരീസ് 1.9 കോടി പേരും ഏഴാം സ്ഥാനത്തുള്ള ദുബായ് 1.6 കോടി പേരും എട്ടാം സ്ഥാനത്തുള്ള ന്യൂയോർക്ക് 1.4 കോടി പേരും ഒമ്പതാം സ്ഥാനത്തുള്ള കുലാലംപുർ 1.4 കോടി പേരും പത്താം സ്ഥാനത്തുള്ള ഇസ്താംബൂൾ 1.4 കോടി പേരും ഈ വർഷം സന്ദർശിച്ചിട്ടുണ്ട്.
ദൽഹിയിൽ 1.5 കോടി പേരും തുർക്കിയിലെ അന്റാലിയയിൽ 1.3 കോടി പേരും ചൈനയിലെ ഷെൻസനിൽ 1.2 കോടി പേരും മുംബൈയിൽ 1.22 കോടി പേരും തായ്‌ലാന്റിലെ ഫുകെറ്റിൽ 1.1 കോടിയോളം പേരും റോമിൽ ഒരു കോടി പേരും ടോക്കിയോയിൽ ഒരു കോടി പേരും തായ്‌ലാന്റിലെ പട്ടായയിൽ 99 ലക്ഷം പേരും തായ്‌വാനിലെ തായ്‌പെയിൽ 99 ലക്ഷം പേരും ചൈനയിലെ ഗ്വാങ്ഷുവിൽ 90 ലക്ഷം പേരും ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ 91 ലക്ഷം വിദേശ സന്ദർശകരും ഈ വർഷം എത്തിയതായാണ് കണക്കാക്കുന്നത്.
മസ്ജിദുൽ ഹറാമും വിശുദ്ധ കഅ്ബാലയവും പുണ്യസ്ഥലങ്ങളും ഹിറാ ഗുഹ അടക്കമുള്ള ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങളുമാണ് മക്കയിലെ പ്രധാന കേന്ദ്രങ്ങൾ. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ തലസ്ഥാന നഗരിയായ മദീനയിൽ ഏറ്റവും പഴയ മൂന്നു മസ്ജിദുകളുണ്ട്. മക്കയിലെ വിശുദ്ധ ഹറം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള പുണ്യഗേഹമായ മസ്ജിദുന്നബവിയും ഖുബാ മസ്ജിദും ഖിബ്‌ലത്തൈൻ മസ്ജിദുമാണിവ. മറ്റു നിരവധി ചരിത്ര മസ്ജിദുകളും ഇസ്‌ലാമിക അടയാളങ്ങളും പ്രവാചക നഗരിയിലുണ്ട്.