Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അഴിമതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം

റിയാദ് - അഴിമതികളെ കുറിച്ച് വിവരം നൽകുന്നവരെ സംരക്ഷിക്കുമെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ വക്താവ് അബ്ദുറഹ്മാൻ അൽഅജ്‌ലാൻ വ്യക്തമാക്കി. അഴിമതിയെ കുറിച്ച് വിവരം നൽകുന്നതിന്റെ പേരിൽ ജോലിയിലോ മറ്റു ആനുകൂല്യങ്ങളിലോ ഇവർക്ക് ഒരുവിധ കോട്ടവും സംഭവിക്കാതെ നോക്കും. മുഴുവൻ അഴിമതി കേസ് പ്രതികൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ ലോകത്തെ മുൻനിര രാജ്യമായി മാറുന്നതിനാണ് സൗദി ഭരണാധികാരികൾ ആഗ്രഹിക്കുന്നത്. 


അഴിമതി തുടച്ചുനീക്കാനുള്ള നിശ്ചയദാർഢ്യം പല വേദികളിലും ഭരണാധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ അഴിമതികളെ കുറിച്ച് ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് വിവരം നൽകിയവർക്കും അഴിമതി കേസുകളെ കുറിച്ച് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷന് വിവരം കൈമാറുന്നവർക്കും സംരക്ഷണം നൽകും. അഴിമതി കേസ് പ്രതികൾക്ക് പരിരക്ഷ നൽകില്ലെന്ന് ഭരണം ഏറ്റെടുത്തയുടൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ ആഗോള തലത്തിൽ മുൻനിര രാജ്യമായി സൗദി അറേബ്യ മാറുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്. 


അഴിമതി വേരോടെ നിർമാർജനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യയും ഭരണാധികാരികളും മുന്നോട്ടു പോവുകയാണെന്ന് മുൻ വർഷങ്ങളിൽ എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണവും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും അഴിമതികളെ കുറിച്ച് വിവരം നൽകുന്നവരെ സംരക്ഷിക്കുന്നതിനും നിയമം കർശനമായി നടപ്പാക്കും. അഴിമതിയെ കുറിച്ച് വിവരം നൽകിയതിന്റെ പേരിൽ ആർക്കും ഒരുവിധ കോട്ടവും ഹാനിയും സംഭവിക്കില്ല. അഴിമതി വിരുദ്ധ പോരാട്ടം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു ഏജൻസികളെ ലയിപ്പിച്ച് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ എന്ന പേരിൽ പുതിയ ഏജൻസിയുടെ സ്ഥാപനം സഹായകമാകുമെന്നും അബ്ദുറഹ്മാൻ അൽഅജ്‌ലാൻ പറഞ്ഞു. 


അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഏജൻസികളായ കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ, ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ എന്നിവയെ ലയിപ്പിച്ച് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ എന്ന പേരിൽ പുതിയ ഏജൻസി സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട രാജകൽപനകൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം രാജ്യത്തെങ്ങുമുള്ള അഴിമതിക്കേസുകൾ വിചാരണ ചെയ്യുന്നതിന്റെ അധികാരം റിയാദിലെ പ്രത്യേക കോടതിയിൽ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 

Latest News