Sorry, you need to enable JavaScript to visit this website.

സെക്യൂരിറ്റി, തൊഴിൽ ആരോഗ്യസുരക്ഷാ മേഖലകളിൽ സൗദിവൽക്കരണം

റിയാദ്- വൻകിട, ഇടത്തരം കമ്പനികളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി, തൊഴിൽ ആരോഗ്യസുരക്ഷാ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രഖ്യാപിച്ചു. മാനവശേഷി വികസന നിധിയുമായി സഹകരിച്ചാണ് സൗദിവൽക്കരണം നടപ്പാക്കുക. സെക്യൂരിറ്റി, തൊഴിൽ ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രൊഫഷനൽ, പ്രാക്ടീഷനർ എന്നീ രണ്ടു തട്ടുകളായി തിരിച്ചാണ് സൗദിവൽക്കരണത്തിനുള്ള സമയബന്ധിത പദ്ധതി തയാറാക്കിയിരിക്കുന്നത്. സൗദിവൽക്കരണ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന ഗൈഡും പുറത്തിറക്കി.
നിർമാണം, പെട്രോൾ, പ്രകൃതിവാതകം, വൈദ്യുതി, ജലം, ആരോഗ്യ സേവനം, ഖനികൾ, സിമന്റ് വ്യവസായം, പെട്രോകെമിക്കൽസ് വ്യവസായം, റെഡിമിക്‌സ്, ഗ്രാനൈറ്റ്-ഹോളോ ബ്രിക്‌സ് വ്യവസായം, പ്ലാസ്റ്റിക്, കുപ്പികളിൽ നിറച്ച പാനീയങ്ങൾ, ഭക്ഷ്യവസ്തു വ്യവസായം, ഡയറി ഫാക്ടറികൾ, ആഭരണ നിർമാണ വ്യവസായം അടക്കമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്. 500 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങൾ, 200 മുതൽ 499 വരെ ജീവനക്കാരുള്ള സി വിഭാഗം ഇടത്തരം സ്ഥാപനങ്ങൾ, 100 മുതൽ 199 വരെ ജീവനക്കാരുള്ള ബി വിഭാഗം ഇടത്തരം സ്ഥാപനങ്ങൾ, 50 മുതൽ 99 വരെ ജീവനക്കാരുള്ള എ വിഭാഗം ഇടത്തരം സ്ഥാപനങ്ങൾ എന്നിവയിൽ 2020 ഏപ്രിൽ ഒന്ന്, ഓഗസ്റ്റ് രണ്ട്, ഒക്‌ടോബർ നാല് എന്നീ മൂന്നു ഘട്ടങ്ങളിലായി സെക്യൂരിറ്റി, തൊഴിൽ ആരോഗ്യ സുരക്ഷാ മേഖലകളിൽ സൗദിവൽക്കരണം 30 ശതമാനത്തിലും, 2021 ജനുവരി ഒന്നു മുതൽ 50 ശതമാനത്തിലും 2022 ജനുവരി ഒന്നു മുതൽ സൗദിവൽക്കരണം 70 ശതമാനത്തിലും കുറവാകാൻ പാടില്ല എന്നാണ് വ്യവസ്ഥ.
 

Latest News