കൊണ്ടോട്ടി- കരിപ്പൂരില്‍ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്ന് 10 വെടിയുണ്ടകള്‍ കേന്ദ്ര സുരക്ഷാ സേന പിടികൂടി. മലപ്പുറം കൊളത്തൂര്‍ മൂര്‍ക്കനാട് കളപ്പറമ്പില്‍ മുസ്തഫ (56)യുടെ ബാഗില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്.
എക്സ്റേ പരിശോധനക്കിടെ സി.ഐ.എസ്.എഫാണ് ബാഗില്‍ വെടിയുണ്ടയുള്ളതായി കണ്ടെത്തിയത്. പോയന്റ് 22 ഇനത്തിലുളള പത്ത് വെടിയുണ്ടകളാണ് ബാഗിലുണ്ടായിരുന്നത്. മുസ്തഫയ്ക്ക് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് ഉണ്ട്. വെടിയുണ്ടകള്‍ ബാഗില്‍ മറന്നു വെച്ചതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, വിഷയം ഗൗരവതരമാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പോലീസ് അറിയിച്ചു. കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുസ്തഫയെ കോടതിയില്‍ ഹാജരാക്കി.