റിയാദ് - റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഒരാഴ്ചക്കിടെ നടത്തിയ മിന്നൽ പരിശോധനകളിൽ 375 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. തലസ്ഥാന നഗരിയിലെയും അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈർ എന്നിവിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
പട്രോൾ പോലീസ്, ട്രാഫിക് പോലീസ്, വാണിജ്യ, നിക്ഷേപ മന്ത്രാലയം, റിയാദ് നഗരസഭ, പരിസ്ഥിതി ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ച് നടത്തിയ റെയ്ഡുകൾക്കിടെ 36 ഇഖാമ, തൊഴിൽ നിയമ ലംഘകരും പിടിയിലായി. ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഒരാഴ്ചക്കിടെ ആകെ 3552 സ്ഥാപനങ്ങളിലാണ് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. യൂസുഫ് അൽസയ്യാലി പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ എല്ലാവരും അറിയക്കണം. പരാതികളിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ഉടനടി പരിശോധനകൾ നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഡോ. യൂസുഫ് അൽസയ്യാലി പറഞ്ഞു.