ജിദ്ദ - ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ വിദേശികളിൽ ഒന്നര ലക്ഷത്തോളം പേർ ഉംറ കർമം നിർവഹിച്ചതായി പിൽഗ്രിംസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാമി കൻസാറ വെളിപ്പെടുത്തി. സെപ്റ്റംബർ 27 മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം വരെ ടൂറിസ്റ്റ് വിസകൾ പ്രയോജനപ്പെടുത്തി രാജ്യത്ത് പ്രവേശിച്ച 1,34,000 ലേറെ പേർ ഉംറ കർമം നിർവഹിച്ചു. ഇവർ ഉംറ നിർവഹിക്കുന്നതിന് വിസിറ്റ് വിസ പ്രയോജനപ്പെടുത്തുകയായിരുന്നു. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിന് പിൽഗ്രിംസ് പ്രോഗ്രാം ലക്ഷ്യമിടുന്നതായും ഡോ. റാമി കൻസാറ പറഞ്ഞു.
വിദേശികളെ വിസിറ്റ് വിസയിൽ ഉംറ നിർവഹിക്കുന്നതിന് അനുവദിക്കുന്നതിൽ ഉംറ സർവീസ് കമ്പനികൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഉംറ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തിരിച്ചടിയായി മാറുമെന്നാണ് സർവീസ് കമ്പനി ഉടമകൾ വാദിക്കുന്നത്. ടൂറിസ്റ്റ് വിസാ ഫീസ് ആയി 300 റിയാലും ആരോഗ്യ ഇൻഷുറൻസ് പോളിസി നിരക്ക് ആയി 140 റിയാലും ആണ് വിസാ അപേക്ഷകർ അടയ്‌ക്കേണ്ടത്. ടൂറിസ്റ്റ് വിസകളിലെത്തുന്ന വിദേശ വനിതകളെ മഹ്‌റം ഒപ്പമില്ലാതെ തന്നെ ഉംറ നിർവഹിക്കുന്നതിനും അനുവദിക്കുന്നുണ്ട്. ഈ ആനുകൂല്യവും ഉംറ വിസക്കാർക്ക് ലഭ്യമല്ല. മഹ്‌റം ഒപ്പമില്ലാതെ വിദേശ വനിതകൾക്കും ഉംറ വിസ അനുവദിക്കണമെന്ന ആവശ്യവും ഉംറ സർവീസ് കമ്പനി ഉടമകൾ ഉന്നയിക്കുന്നുണ്ട്.
ലോകത്തെ 49 രാജ്യങ്ങൡ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഓൺഅറൈവൽ വിസയും മുൻകൂട്ടി ഇ-വിസയും അനുവദിക്കുന്നുണ്ട്. ഇവർക്ക് എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പോസ്റ്റുകളിൽ വെച്ച് സെൽഫ് സർവീസ് ഉപകരണങ്ങളും സ്മാർട്ട് ഫോണുകളും ജവാസാത്ത് വിസ ഓഫീസുകളും വഴി ടൂറിസ്റ്റ് വിസകൾ ലഭിക്കും. ഇന്ത്യക്കാർ അടക്കമുള്ള മറ്റു രാജ്യക്കാർക്ക് വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴിയാണ് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്. ഒരു വർഷ കാലാവധിയുള്ള വിസയാണ് ടൂറിസ്റ്റുകൾക്ക് അനുവദിക്കുന്നത്. ഇഷ്യൂ ചെയ്യുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുക. ഈ വിസയിൽ പല തവണ രാജ്യത്ത് വന്നുപോകുന്നതിന് സാധിക്കും. എന്നാൽ ഒരു വർഷത്തിനിടെ പരമാവധി 90 ദിവസം വരെ മാത്രമേ രാജ്യത്ത് തങ്ങുന്നതിന് വിദേശ ടൂറിസ്റ്റുകൾക്ക് സാധിക്കുകയുള്ളൂ.
2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയായി ഉയർത്തുന്നതിനാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ലക്ഷ്യമിടുന്നത്. സ്വന്തം സ്‌പോൺസർഷിപ്പിൽ വിദേശങ്ങളിൽ നിന്ന് അതിഥികളെ റിക്രൂട്ട് ചെയ്യുന്നതിന് സൗദികൾക്കും രാജ്യത്ത് നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും വൈകാതെ വിസ അനുവദിച്ചു തുടങ്ങുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.